കോഴിക്കോട് കോവൂരിൽ രാത്രികാല കടകൾ തുറക്കുന്നതിലെ തർക്കം, സംഘർഷം: സർവകക്ഷി യോഗം വിളിച്ച് പൊലീസ്
തർക്കം തുടങ്ങി അഞ്ചാം ദിവസമാണ് പൊലീസ് സർവകക്ഷിയോഗം വിളിക്കുന്നത്.


കോഴിക്കോട്: കോവൂർ- ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് സർവകക്ഷി യോഗം വിളിച്ചു. മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് യോഗം. തർക്കം തുടങ്ങി അഞ്ചാം ദിവസമാണ് പൊലീസ് സർവകക്ഷിയോഗം വിളിക്കുന്നത്.
ഇന്നലെ രാത്രി ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനു പിന്നാലെ പ്രവർത്തകർ കടകൾ അടിച്ചു തകർത്തിരുന്നു. കച്ചവടക്കാർ തങ്ങളുടെ പ്രവർത്തകനെ മർദിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനൊടുവിലാണ് കടകൾ അടിച്ചു തകർത്തത്.
രാത്രി ഒമ്പതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ കട അടിച്ചുതകർക്കുകയായിരുന്നു. കടയിലെ ഭൂരിഭാഗം സാധനങ്ങളും ഇവർ നശിപ്പിച്ചു. പൊലീസ് സാന്നിധ്യത്തിലായിരുന്നു അക്രമം. കടകൾ രാത്രി തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇതുവരെ പൊലീസ് യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, കടകൾ അടിച്ചുതകർത്തതിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. കൺമുന്നിൽ ആക്രമണം ഉണ്ടായിട്ടും പരാതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാത്തത്.
കഴിഞ്ഞദിവസങ്ങളിൽ ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടകളിലെത്തുന്നവർ ലഹരിയുപയോഗിച്ച് സമീപത്തെ വീട്ടുകാരെ ശല്യപ്പെടുത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് പൊലീസ് നിരീക്ഷണമില്ലെന്നും നാട്ടുകാർ പറയുന്നു. സിസിടിവികളോ വഴിവിളക്കുകളോ ഇവിടെയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കിൽ അത് നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ടത് പൊലീസാണെന്ന് കടക്കാർ പറയുന്നു. അതുസംബന്ധിച്ച് പൊലീസും അധികൃതരും പറയുന്ന നിർദേശങ്ങൾ അനുസരിക്കാമെന്നും എന്നാൽ കടകൾ 10.30യോടെ അടയ്ക്കണമെന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കച്ചവടക്കാർ പറയുന്നു.
വലിയ തുക നിക്ഷേപിച്ച് തുടങ്ങിയ കടകൾ പെട്ടെന്ന് അടയ്ക്കാൻ കഴിയില്ല. രാത്രി 12 മണി വരെയെങ്കിലും പ്രവർത്തിച്ചാലേ ലാഭമുണ്ടാകൂ എന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.