വ്ലോഗർ ജുനൈദിന്റെ മരണം: അസ്വാഭാവികതയില്ലെന്ന് പൊലീസ്
രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
മലപ്പുറം: വ്ലോഗർ ജുനൈദിന്റെ മരണത്തിൽ നിലവിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു. രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയനായ ജുനൈദ് വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയിൽ അപകടത്തിൽപ്പെടുന്നത്. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്.
മഞ്ചേരിയിൽനിന്നും വഴിക്കടവിലെ വീട്ടിലേക്ക് പോകുമ്പേഴാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.
സംഭവത്തിന് പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് പലരും രംഗത്തുവന്നിരുന്നു. ഇയാൾക്കെതിരെ നേരത്തേ പീഡന പരാതിയുണ്ടായിരുന്നു. എന്നാൽ, ഇത് ഒത്തുതീർപ്പാക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.