പിതാവ് പുറത്തിറങ്ങിയാല്‍ തന്നെയും കൊല്ലുമെന്ന മൂത്തമകന്‍റെ മൊഴി രേഖപ്പെടുത്തും; ഹമീദിനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍
ഹമീദിന് കൂട്ടക്കൊലപാതകത്തിന് മറ്റാരുടെയെങ്കിലും പ്രേരണയോ പിന്തുണയോ ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്
ഇടുക്കി ചീനികുഴിയിൽ മകനെയും കുടുംബത്തെയും തീവെച്ചുകൊന്ന കേസിൽ റിമാന്‍ഡില്‍ കഴിയുന്ന ഹമീദിനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച പൊലീസ് ഹമീദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. ഹമീദ് പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് മൂത്ത മകൻ ഷാജിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
കൊലപാതകത്തിന് മറ്റാരുടെയെങ്കിലും പ്രേരണയോ പിന്തുണയോ ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ഹമീദിന്‍റെ ഉള്‍പ്പെടെ ഫോൺ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. തീ വെയ്ക്കാൻ ഉപയോഗിച്ച പെട്രോൾ ചീനിക്കുഴിയിലെ കടയിൽനിന്ന് മോഷ്ടിച്ചതെന്നാണ് ഹമീദിന്‍റെ മൊഴി. ഇക്കാര്യങ്ങൾ അടക്കം ഉറപ്പുവരുത്താനാണ് പൊലീസ് ഹമീദിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്.
പത്തൊമ്പതാം തിയ്യതിയാണ് മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, പേരക്കുട്ടികളായ മെഹ്‌റ, അസ്ന എന്നിവരെ വീടിന് തീവെച്ച് ഹമീദ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൂട്ടക്കൊല. ഹമീദുമായുള്ള കുടുംബ പ്രശ്നങ്ങൾ മൂലം ആറു മാസം മുൻപാണ് ഭാര്യ ഷീബയുടെ പേരിൽ വാങ്ങിയ സ്ഥലത്ത് മുഹമ്മദ് ഫൈസൽ വീട് നിർമാണം ആരംഭിച്ചത്. നിലവിലുള്ള വീട് പിതാവിന് നൽകി പുതിയ വീട്ടിൽ താമസം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഫൈസൽ.