തൃശൂരിൽ യുവാവ് സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ബാബു മദ്യപിച്ചു ബഹളംവച്ചതാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.
തൃശൂർ ചേർപ്പിൽ യുവാവ് സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ നിന്ന് മണ്ണ് കണ്ടെത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രതി സാബുവിന്റെ മൊഴി. കഴുത്തുഞെരിച്ച് ബോധം പോയപ്പോൾ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബാബു മദ്യപിച്ചു ബഹളംവച്ചതാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസിയാണ് മണ്ണ് ഇളകിക്കിടക്കുന്നതായി കണ്ടത്. സംശയം തോന്നിയ നാട്ടുകാർ മണ്ണ് മാറ്റിയപ്പോൾ മണ്ണിനടിയിൽ ഹോളോ ബ്രിക്‌സ് കട്ടകൾ നിരത്തിയതായി കണ്ടെത്തി. കട്ടകൾ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. കയ്യിൽ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു.
ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സാബു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.