'ഇന്ന് തന്നെ വേണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ..!' വൈറലായി പി.ആർ.ഡി വകുപ്പിന്റെ വീഡിയോ
സംസ്ഥാനത്ത് ലോക്ഡൌൺ പ്രഖ്യാപിച്ച വേളയിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ തവണ പിരിക്കാൻ വീടുകൾ സന്ദര്‍ശിക്കുന്നവര്‍ അത് ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ലോക്ഡൌൺ പ്രഖ്യാപിച്ച വേളയിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ തവണ പിരിക്കാൻ വീടുകൾ സന്ദര്‍ശിക്കുന്നവര്‍ അത് ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന പി.ആർ.ഡി വകുപ്പ് പുറത്തിറക്കിയ വീഡിയോ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
ഇതിനായി 'കഥ പറയുമ്പോൾ' എന്ന ചിത്രത്തിലെ രംഗങ്ങളാണ് പബ്ലിക് റിലേഷൻ വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ പലിശയിടപാട് നടത്തുന്ന കഥാപത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. ബാർബർഷോപ്പ് നടത്തുന്ന ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വായ്പയെടുത്ത പണത്തിന്റെ പേരിൽ ഇന്നസെന്റ് ഭീഷണിപ്പെടുത്തുന്ന രംഗമാണ് വീഡിയോയിൽ. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ശേഷം ഇന്നസെന്റ് പണം വാങ്ങാതെ തിരിച്ചുപോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
മുഖ്യമന്ത്രിയുടെ വാക്കുകൾ
'ചിട്ടിതവണ പിരിക്കാനും കടം നൽകിയ പണത്തിന്റെ മാസത്തവണ വാങ്ങാനുമായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ വീടുകൾ സന്ദർശിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സന്ദർശനങ്ങൾ ലോക്ഡൌൺ അവസാനിക്കുന്നത് വരെ ഒഴിവാക്കേണ്ടതാണ്'
മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് ശേഷം 'ഇന്ന് തന്നെ വേണം എന്ന് പറഞ്ഞില്ലല്ലോ' എന്ന് പറഞ്ഞുകൊണ്ട് തിരിച്ചുപോകുന്ന ഇന്നസെന്റിന്റെ കഥാപാത്രം സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്