പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ടൂറിസ് ഡയറക്ടർ ആവശ്യപ്പെട്ടത് 95 ലക്ഷം
എപ്രിൽ 24, 25 തിയ്യതികളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന്റെ ചെലവുകൾക്ക് ടൂറിസം ഡയറക്ടർ ആവശ്യപ്പെട്ടത് 95 ലക്ഷം. ഈ മാസം 20 നാണ് ടൂറിസം ഡയറക്ടർ പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന് 95 ലക്ഷം ചെലവാകുമെന്നും തുക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് കത്ത് നൽകിയത്. എപ്രിൽ 24, 25 തിയ്യതികളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.
ടൂറിസം ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കണമെന്ന് പൊളിറ്റിക്കൽ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. വി.വി.ഐ.പി സന്ദർശനത്തിന് ടൂറിസം വകുപ്പിന് 75 ലക്ഷം ബജറ്റിൽ ഈ സാമ്പത്തിക വർഷം വകയിരുത്തിയിട്ടുണ്ട്. എന്നിട്ടും 95 ലക്ഷം വേണമെന്നായിരുന്നു ടൂറിസം ഡയറക്ടറുടെ ആവശ്യം. 30 ലക്ഷം കൊടുക്കാൻ ധനവകുപ്പ് ഉത്തരവിട്ടു. പ്രധാനമന്ത്രി എത്തിയ 24 -ന് തന്നെ 30 ലക്ഷം അനുവദിച്ച് ഉത്തരവും ഇറങ്ങി. ചെലവുകൾ സംബന്ധിച്ച എല്ലാ രേഖകളും ഗവൺമെന്റിന് സമർപ്പിക്കണമെന്ന് ടൂറിസം ഡയറക്ടറോട് ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.