"ഡ്രൈവിങ് ലൈസൻസ് പി.വി.സി കാർഡ് രൂപത്തിലാക്കണം" - മന്ത്രിക്ക് നിവേദനം നൽകി നജീബ് കാന്തപുരം എം.എൽ.എ

"ഡ്രൈവിംഗ് ലൈസൻസ് നിരന്തരം ഉപയോഗിക്കുന്ന ഒരു രേഖയായത് കൊണ്ട് മേന്മയേറിയ മെറ്റീരിയൽ ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്ന കാർഡാക്കി മാറ്റേണ്ടതുണ്ട്. ഇക്കാര്യത്തിൽ കാലോചിതമായ മാറ്റം ആവശ്യമാണ്."

Update: 2022-12-26 02:13 GMT
Editor : André | By : Web Desk
Click the Play button to listen to article

മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഡ്രൈവിങ് ലൈസൻസ് പി.വി.സി കാർഡിൽ പ്രിന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എ ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി. നിലവിലുള്ള ലാമിനേറ്റ് ചെയ്ത ലൈസൻസ് കാർഡുകൾ പെട്ടെന്ന് കേടാവുന്നുവെന്ന പരാതി സോഷ്യൽ മീഡിയയിലടക്കം വ്യാപകമാകുന്ന സാഹചര്യത്തിലാണ് എം.എൽ.എയുടെ നടപടി. ഡ്രൈവിങ് ലൈസൻസ് മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണമെന്നും നജീബ് കാന്തപുരം മന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

'കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നൽകുന്നത് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് ആണ്. ഇത് വളരെ പെട്ടെന്ന് കേട് വന്ന് ഉപയോഗ ശൂന്യമാവുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് നിരന്തരം ഉപയോഗിക്കുന്ന ഒരു രേഖയായത് കൊണ്ട് മേന്മയേറിയ മെറ്റീരിയൽ ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്ന കാർഡാക്കി മാറ്റേണ്ടതുണ്ട്. ഇക്കാര്യത്തിൽ കാലോചിതമായ മാറ്റം ആവശ്യമാണ്.'

'ഡ്രൈവിംഗ് ലൈസൻസ് എ.ടി.എം കാർഡ് പോലെയുള്ള, പി.വി.സി. മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ടുള്ള കാർഡാക്കി മാറ്റിയാൽ വളരെ നന്നാവും. ഇതോടൊപ്പം ലൈസൻസ് ഹോൾഡറുടെ ഫോൺ നമ്പറുമായി ഡ്രൈവിംഗ് ലൈസൻസ് ലിങ്: ചെയ്യുന്നതിനും നടപടി സ്വീകരിക്കാവുന്നതാണ്. മൊബൈൽ നമ്പർ നൽകിയാൽ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ ലഭ്യമാവുന്ന ആപ്പുകൾ നിർമ്മിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇക്കാര്യങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നു.' - നജീബ് കാന്തപുരം എം.എൽ.എയുടെ നിവേദനത്തിൽ പറയുന്നു.

കേരള മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഡ്രൈവിങ് ലൈസൻസും ആർ.സി ബുക്കും അടക്കമുള്ള രേഖകൾക്ക് നിലവാരം കുറവാണെന്നും അവ പെട്ടെന്ന് കേടാകുന്നുവെന്നും കാണിച്ച് വ്‌ളോഗർമാരടക്കം നിരവധി പേരാണ് ഈയിടെ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്. മറ്റു സംസ്ഥാനങ്ങളിലെ പോലെ ലൈസൻസ് എ.ടി.എം രൂപത്തിലുള്ള കാർഡിൽ അച്ചടിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാണ്.

പൊതുജനത്തിന്റെ ഇതുപോലുള്ള ആവശ്യങ്ങൾ മുഖവിലക്കെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾ കാലോചിതമായ രീതിയിൽ രേഖകൾ പരിഷ്‌കരിക്കണമെന്ന് നജീബ് കാന്തപുരം മീഡിയവൺ ഓൺലൈനിനോട് പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News