ആദ്യം പുക, പിന്നാലെ ആളിപ്പടർന്ന് തീ; നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് കത്തിനശിച്ചു

മുരഹര ട്രാവല്‍സിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

Update: 2025-01-11 11:50 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം സ്വകാര്യ ബസ് കത്തി നശിച്ചു. ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോയ സ്വകാര്യ ബസാണ് കത്തിയത്. ബസിൽ ഇരുപതിലധികം യാത്രക്കാർ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ ലഗേജും ലാപ്ടോപ്പും അടക്കം കത്തി നശിച്ചു. 

തിരുപുറം ആര്‍.സി. ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. യാത്ര തുടങ്ങിയത് മുതൽ ബസിന് തുടർച്ചയായി പ്രശ്‌നങ്ങൾ ഉണ്ടായതായി യാത്രക്കാർ പറയുന്നു. രണ്ടര മണിക്കൂർ വൈകിയാണ് ബസ് യാത്ര തുടങ്ങിയത്. വഴിമധ്യേ പലയിടങ്ങളിൽ വെച്ചും ബസ് പണിമുടക്കിയിരുന്നു.

മറ്റൊരു ബസ് ഏർപ്പെടുത്തി തരണമെന്ന് യാത്രക്കാർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടെങ്കിലും ഇത് വകവെക്കാതെയാണ് യാത്ര തുടർന്നതെന്നും യാത്രക്കാർ ആരോപിക്കുന്നുണ്ട്. പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിൽ തീ ആളിപ്പടർന്നു. 

നെയ്യാറ്റിന്‍കരയില്‍നിന്നും പൂവാറില്‍നിന്നും രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂര്‍ണമായും കത്തിനശിച്ചു. മുരഹര ട്രാവല്‍സിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News