'പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണം'; ഹൈക്കോടതിയില്‍ ഹരജിയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി
നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്ന് ഹരജിയിൽ നവ്യ ഹരിദാസ്
Update: 2024-12-20 13:12 GMT
കൊച്ചി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. വയനാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ആണ് കോടതിയെ സമീപിച്ചത്. പ്രിയങ്ക നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്തുവിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് ആരോപണം.
നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്ന് നവ്യ ഹരിദാസ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥിയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങൾ മറച്ചുവച്ചെന്നും ആരോപണമുണ്ട്.
ക്രിസ്‍മസ് അവധി കഴിഞ്ഞ ശേഷമായിരിക്കും കോടതി ഹരജി പരിഗണിക്കുക.
Summary: Wayanad NDA candidate Navya Haridas files petition in High Court seeking cancellation of Priyanka Gandhi's Lok Sabha election victory