എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഐപിസി 124; പൊലീസ് കടുത്ത നടപടികളിലേക്ക്

രാഷ്‌ട്രപതിയെയോ ഗവർണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഐപിസി 124

Update: 2023-12-12 09:52 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഗവർണറെ തടഞ്ഞുപ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ചുമത്തി പൊലീസ്. ഐ.പി.സി 124 ആണ് പുതുതായി ചുമത്തിയത്. രാഷ്‌ട്രപതിയെയോ ഗവർണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്. 

ഏഴ് പ്രവർത്തകർക്കെതിരെയാണ് പുതിയ വകുപ്പ് ചുമത്തിയത്. ഈ വകുപ്പ് ചേർത്ത റിപ്പോർട്ട്‌ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കോടതിയിൽ സമർപ്പിക്കും. കേരളാ സർവകലാശാലയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിലാണ് നടപടി. 

നേരത്തെ കലാപാഹ്വാന കുറ്റത്തിന് 13 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. വഞ്ചിയൂർ പൊലീസ് ആറുപേർക്കെതിരെയാണു കലാപാഹ്വാനക്കുറ്റം ചുമത്തിയത്. കന്റോൺമെന്റ് പൊലീസ് ഏഴുപേർക്കെതിരെയുമാണ് ഇതേ കുറ്റത്തിന് കേസെടുത്തത്. ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ച സംഭവത്തിൽ ആകെ 28 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മൂന്ന് സ്റ്റേഷനുകളിലായാണു കേസുകളുള്ളത്. പേട്ടയാണ് മൂന്നാമത്തെ സ്റ്റേഷൻ. മൂന്ന് എഫ്.ഐ.ആറുകളുടെ പകർപ്പുകളും മീഡിയവണിനു ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് തലസ്ഥാന നഗരി അസാധാരണ സംഭവവികാസങ്ങൾക്ക് സാക്ഷിയായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. വൈകീട്ട് കേരള സർവകലാശാല കാംപസിനു മുന്നിലാണു സംഭവം. ആക്രമണത്തിൽ ക്ഷുഭിതനായി ഗവർണർ കാറിൽനിന്ന് ചാടിയിറങ്ങി. പൊട്ടിത്തെറിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് ആളുകളെ തനിക്കെതിരെ പ്രതിഷേധത്തിന് അയയ്ക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു. ഗവർണറെ പൊതുനിരത്തിൽ തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്കു കടക്കുമെന്ന് എസ്.എഫ്.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News