‘ഉന്നയിച്ച വിഷയങ്ങളിൽനിന്ന് പിന്നോട്ടില്ല’; സിപിഎമ്മിന് പരാതി നൽകി പി.വി. അൻവർ

‘സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരായ വിപ്ലവമാണിത്’

Update: 2024-09-04 04:34 GMT
Advertising

തിരുവനന്തപുരം: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ താൻ ഉന്നയിച്ച് വിഷയങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് പി.വി. അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരായ പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.

പാർട്ടി സെക്രട്ടറിയെ കണ്ടു. എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. അന്തസ്സുള്ള പാർട്ടിയും മുഖ്യമന്ത്രിയുമാണുള്ളത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അജിത് കുമാറിനെതിരെ നടപടിയെടുക്കേണ്ട സമയത്തേക്ക് എത്തുന്നേയുള്ളൂ.

പാർട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. പാർട്ടി നേതാക്കൾ ഇതൊന്നും അന്വേഷിച്ചിട്ടുണ്ടാകില്ല. സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെയുള്ള വിപ്ലവം ആണിത്. അത് തുടങ്ങിയിട്ടേയുള്ളൂ. അതിനുമുന്നിൽ താനും ഉണ്ടാകും. പി.വി. അൻവർ ദൈവത്തിനും പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങൂ.

ആരോപിതനായ വ്യക്തിക്ക് വിധേയമായിട്ടാണ് അന്വേഷണമെങ്കിൽ അന്വേഷിക്കുന്നവർ അതിനു മറുപടി പറയേണ്ടിവരും. പാർട്ടിയിലും സർക്കാറിലും ഉറച്ച വിശ്വാസമുണ്ട്. മലപ്പുറം എസ്പി ഓഫിസ് ക്യാമ്പിലെ മരംമുറി കേസ് പൊലീസ് ശ്രമിച്ചാലും അട്ടിമറിക്കാൻ സാധിക്കില്ല. അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. അട്ടിമറിക്കാൻ കഴിയുമെങ്കിൽ അവർ ചെയ്യട്ടെ. സ്വർണ്ണം കൊണ്ടുവരുന്ന പലരുടെയും വീടുകളിൽ ഡാൻസാഫ് സംഘം ബന്ധപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് താൻ പറഞ്ഞത്. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വികാരമാണ് പറഞ്ഞത്. അതിനെ തള്ളിക്കളയാൻ കഴിയില്ലെന്നും പി.വി. അൻവർ പറഞ്ഞു. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News