'മന്ത്രിമാരുടെ ഫോണ്‍ ADGP ചോര്‍ത്തി, സൈബർ സെല്ലിൽ പ്രത്യേക സംവിധാനം': അന്‍വര്‍ എംഎല്‍എ
'മുഖ്യമന്ത്രി ഏല്‍പിച്ച കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിൽ പൊളിറ്റിക്കല്‍ സെക്രട്ടറി പരാജയപ്പെട്ടു'
മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പി.വി അൻവർ എംഎൽഎ. മന്ത്രിമാരുടേയും പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടേയും ഫോൺകോളുകൾ അജിത് കുമാർ ചോർത്തുന്നുണ്ടെന്ന് അൻവർ പറഞ്ഞു. ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അജിത്കുമാർ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ടെന്നും അൻവർ എംഎൽഎ മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിസന്ധിയിലാക്കുന്ന ഗുരുതര വീഴ്ചയാണ് സ്വന്തം പാർട്ടി എംഎൽഎയായ അൻവർ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ക്കെതിരായ വിമർശനവും സർക്കാരിന് കനത്ത പ്രഹരമാണ്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിൽ പി ശശി പരാജയപ്പെട്ടുവെന്നാണ് ഇടത് എംഎൽഎയുടെ ആരോപണം. പൊലീസിനെ നിയന്ത്രിക്കുന്നതിൽ പി.ശശി പരാജയപ്പെട്ടെന്നും അതിന്റെ പഴി കേൾക്കേണ്ടിവരുന്നത് സർക്കാരാണെന്നും അൻവർ പറയുന്നുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും മറുപടി പറയേണ്ട സമയമാണിതെന്നും അൻവർ വ്യക്തമാക്കി.
അതേസമയം എസ്.പി സുജിത് ദാസുമായി നടത്തിയ ഫോൺകോൺ റെക്കോര്‍ഡ് വിവരങ്ങൾ അൻവർ പുറത്തുവിട്ടു. ഇതിൽ താനൂർ കസ്റ്റഡികൊലപാതകവും പരാമർശിക്കുന്നുണ്ട്. താമിർ ജിഫ്രി മരിക്കാൻ കാരണം ലഹരി വിഴുങ്ങിയിട്ടാണെന്ന് സുജിത് ദാസ് പറയുന്നത് കോൾ റെക്കോർഡിലുണ്ട്. എംഡിഎംഎ പിടിക്കണമെന്നതായിരുന്നു ലക്ഷ്യമെന്നും മനപൂർവ്വം കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും സുജിത് ദാസ് പറയുന്നുണ്ട്.