വെള്ളിത്തിരയിലും തിളങ്ങിയ പിള്ള; പ്രതിഫലം പറ്റാതെ സിനിമാഭിനയം
1979ല്‍ ആദ്യ സിനിമ. ജയഭാരതിയുടെ ഇവള്‍ ഒരു നാടോടി
രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നില്ല ആര്‍. ബാലകൃഷ്ണപിള്ള. ഒരു അഭിനേതാവ് കൂടിയാണ്. മൂന്ന് സിനിമകളിലാണ് വേഷമിട്ടത്. സജീവ രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കില്‍ താനൊരു എഴുത്തുകാരനാകുമായിരുന്നുവെന്ന് ആര്‍ ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ഉള്ളിലുറഞ്ഞ കലയെ അദ്ദേഹം സിനിമയിലൂടെയും പുറത്തെടുത്തു. 1979ല്‍ ആദ്യ സിനിമ. ജയഭാരതിയുടെ ഇവള്‍ ഒരു നാടോടി.
പിന്നീട് 1980ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ രണ്ടാമത്തെ സിനിമ വെടിക്കെട്ട് . സുകുമാരനും കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കുമൊപ്പം മുഴുനീള കഥാപാത്രം. കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയതും ബാലകൃഷ്ണപിള്ള തന്നെ. പ്രതിഫലം പറ്റിയല്ല ഒരു സിനിമയും ചെയ്തത്. മുഖ്യമന്ത്രിയാണ് മറ്റൊരു ചിത്രം. സിനിമാ പ്രേമത്തിന്‍റെ പേരിലാണ് പരമ്പരാഗതമായി ലഭിച്ച അശോകാ തിയറ്റര്‍ കൈവിടാതെ കൂടെ കൂട്ടിയതെന്ന് ബാലകൃഷ്ണപിള്ള ആത്മകഥയില്‍ പറയുന്നുണ്ട് . പിന്നീട് നഷ്ടം വന്നപ്പോള്‍ വിറ്റു. പഴയ തലമുറ സിനിമക്കാരോട് മാത്രമല്ല, മകന്‍ ഗണേഷ് കുമാര്‍ ഉള്‍പ്പെടുന്ന സിനിമാ തലമുറയോടും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു ആര്‍. ബാലകൃഷ്ണപിള്ള.