നിപയിൽ ഇന്നും ആശ്വാസം; 37 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്, ഉറവിടം ശാസ്ത്രീയമായി കണ്ടെത്താനായില്ല
എംപോക്സ് ബാധിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരം, മലപ്പുറത്ത് 23 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്ന 37 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയിൽ ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 267 ആയി. ഇതിൽ ഏഴ് പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. അതേസമയം നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെന്നും നിപ ബാധിച്ച് മരിച്ച വ്യക്തി വീട്ട് വളപ്പിലെ വവ്വാലുകൾ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി കഴിച്ചു എന്നാണ് അനുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിപ ബാധിച്ച് മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പുറത്തുവന്ന ഫലം നെഗറ്റീവായിരുന്നു. ഇതോടെ ആകെ 63 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
സംസ്ഥാനത്ത് എംപോക്സ് ബാധിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മലപ്പുറത്ത് 23 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ എംപോക്സ് സംശയിച്ചിരുന്ന 3 പേരുടെ ഫലവും നെഗറ്റീവാണ്. രോഗി സഞ്ചരിച്ച വിമാനത്തിലെ 43 പേരാണ് സമ്പർക്കത്തിൽ ഏർപെട്ടതായി കണക്കാക്കുന്നത്.
പക്ഷെ എല്ലാവരെയും ബന്ധപെടാൻ കഴിഞ്ഞിട്ടില്ല. എംപോക്സ് വൈറസിൻ്റെ ജനിതക ഘടന പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. എംപോക്സ് 1 B ആണെങ്കിൽ രോഗവ്യാപനം വേഗത്തിൽ സംഭവിക്കും. 2 B ആണെങ്കിൽ പകർച്ച സാധ്യത കുറവായിരിക്കും. എംപോക്സ് രോഗിയുമായി സമ്പർക്കത്തിലുള്ള 6 പേർ ദുബൈയിൽ നിരീക്ഷണത്തിൽ കഴിയുന്നതായും വീണാ ജോർജ് അറിയിച്ചു.