ആർ.എം.പി നേതാക്കൾക്ക് സുരക്ഷ നൽകണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
ആർ.എം.പി നേതാവ് കെ.കെ രമയുടെ കുടുംബത്തിനും പാർട്ടി സെക്രട്ടറി വേണുവിനും സർക്കാർ സുരക്ഷ നൽകണമെന്നാണ് ആവശ്യം.
ആർ.എം.പി നേതാക്കൾക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കത്ത്. ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ ആർ.എം.പി നേതാവ് കെ.കെ രമയുടെ കുടുംബത്തിനും പാർട്ടി സെക്രട്ടറി വേണുവിനും സർക്കാർ സുരക്ഷ നൽകണമെന്നാണ് ആവശ്യം.
കെ.കെ രമ എം.എൽ.എയുടെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. ടി.പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിന്റെ മുഖം പൂങ്കുലപോലെ റോഡില്‍ ചിന്നിച്ചിതറുമെന്നാണ് ഭീഷണി കത്തിലുള്ളത്. എ.എൻ ഷംസീറും പി ജയരാജനും പറഞ്ഞിട്ടാണ് ക്വട്ടേഷനെന്നും കത്തിൽ പറയുന്നു.
ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനാണ് കത്തെഴുതിയിരിക്കുന്നത്. മാധ്യമങ്ങളില്‍ സി.പി.എമ്മിനെതിരെ ചര്‍ച്ചയ്ക്ക് ഇറങ്ങിയാല്‍ ടി.പിയെ അന്‍പത്തിയൊന്ന് വെട്ടാണെങ്കില്‍, നൂറ് വെട്ടു വെട്ടി കൊലപ്പെടുത്തുമെന്നാണ് വേണുവിനെ കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. പി.ജെ ബോയ്‌സ്, റെഡ് ആര്‍മി എന്നീ പേരുകളിലാണ് കത്ത് എഴുതിയിരിക്കുന്നത്.
സംഭവത്തില്‍ എൻ വേണുവിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്തു. കോഴിക്കോട്ട് നിന്നാണ് കത്ത് വന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.