ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനെടുത്ത നടപടികൾ വ്യക്തമാക്കണം: ഹൈക്കോടതി
സർക്കാറിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകി
കൊച്ചി: മകരവിളക്കിന് മുന്നോടിയായ ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സർക്കാറിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകി. കേസിൽ കോട്ടയം, ഇടുക്കി ജില്ലാ പൊലീസ് മേധാവിമാരെ കോടതി സ്വമേധയാ കക്ഷി ചേർത്തു.
അതേസമയം, ശബരിമലയിൽ തുടർച്ചയായ രണ്ടാം ദിവസവും പതിനെട്ടാംപടി ചവിട്ടിയ തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടന്നു.1,00,372 തീർഥാടകരാണ് ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത്.മരക്കൂട്ടം വരെ തീർഥാടകരുടെ നിരയുണ്ട്. സ്കൂൾ അവധിക്കാലം കഴിഞ്ഞതിനാൽ സന്നിധാനത്തെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ദേവസ്വം ബോർഡും പൊലീസും. തിരക്ക് കണക്കിലെടുത്ത് ജനുവരി 10 മുതലുള്ള സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയിരുന്നു.
രണ്ട് ദിവസത്തിൽ അധികമായി തുടരുന്ന അരവണ വിതരണത്തിലെ പ്രതിസന്ധിക്ക് ഇന്ന് പരിഹാരമായേക്കും. അരവണ ടിൻ എത്തിക്കാൻ ദേവസ്വം ബോർഡ് പുതുതായി കരാർ നൽകിയ കമ്പനികൾ ആവശ്യമായ ടിന്നുകൾ ഇന്നെത്തിക്കും.