ശബരീനാഥന്റെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചട്ടപ്രകാരം സഭയിൽ ചർച്ചക്കെടുക്കാനാവില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു

Update: 2022-07-20 05:03 GMT
Advertising

തിരുവനന്തപുരം: ശബരീനാഥിൻ്റെ അറസ്റ്റ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്തെന്ന് കാട്ടി ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.  

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചട്ടപ്രകാരം സഭയില്‍ ചര്‍ച്ചക്കെടുക്കാനാവില്ലെന്നും നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്നും നിയമമമന്ത്രി പി രാജീവ് ക്രമപ്രശ്നമായി ഉന്നയിച്ചു. എന്നാല്‍, സോളാർ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഏഴ് പ്രാവശ്യം ചര്‍ച്ചക്കെടുത്തെന്നും ബാർകോഴ കേസ് നാല് തവണ ചർച്ചചെയ്തെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.  

സൗകര്യത്തിന് വേണ്ടി റൂള്‍ ഉദ്ധരിക്കുന്നത് ശരിയല്ല, ഗൗരവതരമായ കാര്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നല്‍കുന്നതാണ് സഭയുടെ കീഴ്‌വഴക്കം. നോട്ടീസ് അവതരിപ്പിക്കുക എന്നത് പ്രതിപക്ഷത്തിൻ്റെ അവകാശമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ഭീരുവാണെന്നും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും സതീശൻ വിമർശിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാനാകില്ലെന്നും വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും ചെയർ അറിയിച്ചെങ്കിലും ചെയറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News