സംഗീതയുടെ മരണത്തിൽ മൂന്ന് പേർ റിമാൻഡിൽ; അറസ്റ്റിലായവരിൽ ഭർത്താവ് സുമേഷും അമ്മയും
കേസിൽ പൊലീസ് അനാസ്ഥ കാണിച്ചെന്ന് ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കൊച്ചി: എറണാകുളം സ്വദേശി സംഗീതയുടെ മരണത്തിൽ അറസ്റ്റിലായ ഭര്‍ത്താവ് സുമേഷ് ഉൾപ്പെടെ മൂന്ന് പ്രതികളെയും എറണാകുളം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു . ഇന്നലെ രാത്രിയാണ് സുമേഷ് , അമ്മ രമണി, സഹോദരന്റെ ഭാര്യ മീനാക്ഷി എന്നിവരുടെ അറസ്റ്റ് രേഖപെടുത്തിയത് . കേസിൽ പൊലീസ് അനാസ്ഥ കാണിച്ചെന്ന് ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി .
സംഗീതയുടെ മരണം സംബന്ധിച്ച മീഡിയവണ്‍ വാർത്തയെ തുടര്‍ന്ന് നിരവധി പേരാണ് വിഷയത്തില്‍ ഇടപെട്ടത്. സ്ഥലം എം.എല്‍.എ, ടി.ജെ വിനോദ് ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെയാണ് സുമേഷിന്‍റെ മാതാവിനെയും സഹോദരി ഭാര്യയേയും സെന്‍ട്രല്‍ പോലിസ് കുന്ദംകുളത്തെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇതറിഞ്ഞ് ഒളിവിലായിരുന്ന സുമേഷ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. എറണാകുളം സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിൽ മൂന്ന് പേരെയും പോലിസ് ചോദ്യം ചെയ്തതിന് ശേഷം ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
പിന്നീട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. സംഗീത മരിച്ചിട്ട് 43 ദിവസം കഴിഞ്ഞ ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഹൈക്കോടതി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോലിസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഓഫീസിലാണ് അവസാനിച്ചത്.