കണ്ണൂർ സർവ്വകലാശാല സിലബസിലെ സംഘ്പരിവാർ പുസ്തകം വേണമോ വേണ്ടയോ ; എസ്.എഫ്.ഐയിൽ രണ്ടഭിപ്രായം
സംഘ്പരിവാർ പുസ്തകങ്ങൾ വിമർശനാത്മകമായി പഠിക്കണമെന്ന് സർവ്വകലാശാലയിലെ എസ്.എഫ്.ഐ യൂണിയൻ; വേണ്ടെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി
കണ്ണൂർ: സംഘ്പരിവാർ ചിന്തകരുടെ പുസ്തകങ്ങൾ കണ്ണൂർ സർവ്വകലാശാല സിലബസിൽ നിന്ന് നീക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സ്റ്റുഡൻറ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(എസ്.എഫ്.ഐ)യിൽ രണ്ടഭിപ്രായം.
ഹിന്ദുത്വ വർഗ്ഗീയവാദത്തിന്റെ മുഖങ്ങളായ സവർക്കർ, ഗോൾവാക്കർ, ദീൻ ദയാൽ ഉപാധ്യായ, ബാൽരാജ് മധോക് ഉൾപ്പടെയുള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്ന് പിൻവലിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുമ്പോൾ, വേണ്ടെന്നാണ് എസ്.എഫ്.ഐ ഭരിക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റുഡൻറ്‌സ് യൂണിയൻ ഭാരവാഹികൾ പറയുന്നത്.
സർവ്വകലാശാലക്ക് കീഴിൽ ബ്രണ്ണൻ കോളേജിൽ ആരംഭിച്ച പൊളിറ്റിക്‌സ് & ഗവർണൻസ് കോഴ്‌സിലെ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്‌സ് ഭാഗത്തിൽ ദേശീയത എന്ന ടോപ്പിക് പഠിക്കുന്നതിനായി ഹിന്ദുത്വ വർഗ്ഗീയ വാദത്തിന്റെ മുഖമായ എം.എസ് ഗോൾവാൾക്കറുടെയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടിഷ് സാമ്രാജിത്വത്തിന് മാപ്പപേക്ഷ എഴുതി നൽകിയ വി.ഡി സവർക്കറുടെയും, ദീൻ ദയാൽ ഉപാധ്യായ,ബാൽരാജ് മധോക് ഉൾപ്പടെയുള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അഭിപ്രായപ്പെട്ടു.
ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തെ വക്രീകരിക്കാനും, പാഠപുസ്തകങ്ങളെ വർഗ്ഗീയ വത്കരിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്ന് വരുകയാണ്. ഈ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാല ഈ പാഠഭാഗങ്ങൾ സിലബസിൽ നിന്നും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി അഡ്വ കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ സിലബസിലെ സംഘ്പരിവാര പുസ്തകങ്ങളെ പഠിച്ചുവിമർശിക്കണമെന്നാണ് യൂനിവേഴ്‌സിറ്റി സ്റ്റുഡൻറ്‌സ് യൂണിയൻ നിലപാടെന്നും ജെ.എൻ.യുവിൽ പോലും ഗോൾവാൾക്കറുടെ പുസ്തകം പഠിക്കാനുണ്ടെന്നും ചെയർമാൻ അഡ്വ. എം.കെ ഹസ്സൻ പറഞ്ഞു. ഈ സിലബസുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും എസ്.എഫ്.ഐയുടെ നിലപാട് ഭാരവാഹികൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗമായ നിതീഷ് നാരായണൻ സ്റ്റുഡൻറ്‌സ് യൂണിയൻ ചെയർമാന്റെ അഭിപ്രായത്തെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.