കെ.എം ഷാജിക്കെതിരെ സർക്കാരും ഇഡിയും ചേർന്ന് നടത്തിയത് പച്ചയായ വേട്ടയാടൽ: രമേശ് ചെന്നിത്തല

‘പകയ്ക്കു വേണ്ടി ചെലവഴിച്ച കോടികളുടെ പേരില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം’

Update: 2024-11-26 14:09 GMT
Advertising

കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഇഡിയും ചേര്‍ന്നു നടത്തിയത് പച്ചയായ വേട്ടയാടലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൈക്കൂലി വാങ്ങിയെന്ന് കള്ളക്കേസ് ചുമത്തിയത് ഹൈക്കോടതി തള്ളിയിട്ടും പക തീരാതെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സുപ്രീംകോടതിയിലും വേട്ടയാടല്‍ തുടര്‍ന്നു.

കേരള സര്‍ക്കാരിനെ എല്ലാ ഘട്ടത്തിലും രക്ഷിക്കാനെത്തുന്ന ഇഡിയും ഷാജിക്കെതിരെയുള്ള ഈ വേട്ടയില്‍ പങ്കാളികളായി. പക്ഷേ, സ്ഥൈര്യം വിടാതെ പൊരുതിയ ഷാജി ബാക്കിവെയ്ക്കുന്നത് ആര്‍ജവമുള്ള രാഷ്ട്രീയക്കാരന്റ കരുത്ത്. കുറ്റവിമുക്തനാക്കപ്പെട്ടത് കാലത്തിന്റെ കാവ്യനീതി.

പകയുടെ രാഷ്ട്രീയം ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകണം. പകയ്ക്കു വേണ്ടി ചെലവഴിച്ച കോടികളുടെ പേരില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

പ്ലസ് ടു കോഴക്കേസിൽ കെ.എം ഷാജിക്കെതിരായ അപ്പീൽ ചൊവ്വാഴ്ചയാണ് സുപ്രീംകോടതി തള്ളിയത്. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവക്കുകയും ചെയ്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News