'മൃതദേഹത്തിലുണ്ടായത് മാരകമായ മുറിവുകള്‍': കാക്കനാട് കൊലപാതകത്തിൽ അർഷാദിനായി തെരച്ചിൽ തുടരുന്നു
കാക്കനാടും കോഴിക്കോടും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്
കൊച്ചി: യുവാവിനെ ഫ്‌ളാറ്റിൽ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പയ്യോളി സ്വദേശി അർഷാദിനായി തെരച്ചിൽ തുടരുന്നു. മറ്റൊരു സുഹൃത്ത് ആഷിഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ കാക്കനാടും കോഴിക്കോടും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണക്കൊപ്പം താമസിച്ചിരുന്ന അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് തേഞ്ഞിപ്പാലത്തിന് സമീപമാണ് അർഷാദി്‌റെ ഫോൺ സ്വിച്ച് ഓഫായതെന്ന് പൊലീസ് കണ്ടെത്തി. അർഷാദിന്റെ ബന്ധുവീടുകളിലും പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. അർഷദ് കോഴിക്കോട് ഒളിവിൽ കഴിയുന്നുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്.
''അർഷാദും സജീവുമാണ് ഫാളാറ്റിൽ ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം നാട്ടിൽ പോയിരിക്കുകയായിരുന്നു. ഇന്നലെ തിരിച്ചുവന്ന സുഹൃത്തുക്കൾ സജീവനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. വാതിൽ ലോക്ക് ചെയ്തിരുന്നു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് പുതപ്പിൽ പൊതിഞ്ഞ മൃതദേഹം കണ്ടത്. യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരായിരുന്നു. ഫളാറ്റിന്റെ ഉടമയുടെ നിർദേശ പ്രകാരം ആഗസ്റ്റ് 15ന് ഫ്‌ളാറ്റ് ഒഴിയണമെന്ന് അവർക്ക് നിർദേശം നല്‍കിയിരുന്നു.''- മറ്റൊരു ഫ്‌ളാറ്റിലെ താമസക്കാരൻ പറഞ്ഞു.
ഇന്നലെയാണ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കാക്കനാട് ഇടച്ചിറയിലെ ഫ്‌ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ലാറ്റിലാണ് സംഭവം.
ശരീരമാസകലം കുത്തേറ്റ സജീവൻറെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്‌ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതക ശേഷം പൈപ്പ് ഡെക്റ്റിനിടയിലൂടെ മൃതദേഹം താഴേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ അത് പരാജയപ്പെട്ടു.
രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്‌ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കുകയായിരുന്നു. ഫ്‌ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്‌ലാറ്റ് തുറക്കുകയും ആയിരുന്നു. രക്തക്കറ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് ഡക്റ്റിനിടയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.
കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്‌ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. പുലർച്ചെയാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും.