കണ്ണൂരിൽ സി.ഐ.ടി.യു ഭീഷണിയെ തുടർന്ന് കട അടച്ചുപൂട്ടിയ സംഭവം: വിഷയം പരിഹരിക്കാൻ തൊഴിൽ മന്ത്രിയുടെ ഇടപെടൽ

തൊഴിലാളികളുടെ താൽപര്യങ്ങൾ സംരംക്ഷിക്കുന്നതിനോടൊപ്പം തന്നെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുമെന്നും തൊഴിൽ മന്ത്രി അറിയിച്ചു

Update: 2022-02-14 12:42 GMT
Editor : afsal137 | By : Web Desk
Advertising

കണ്ണൂർ മാതമംഗലത്ത് ഹാർഡ് വെയർ കമ്പനി അടച്ചു പൂട്ടിയ സംഭവത്തിൽ വിഷയം പരിഹരിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ ഇടപെടൽ. പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി. ഇരുവിഭാഗങ്ങളെയും വിശദമായി കേട്ട് പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി നിർദേശിച്ചത്.

മാതമംഗലത്ത് സിഐടിയു പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കട അടച്ചു പൂട്ടിയ വിഷയിത്തിൽ ഉടൻ പരിഹാരം കാണണമെന്ന് നിരവധിയാളുകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിൽ മന്ത്രിയുടെ നിർണായകമായ ഇടപെടൽ. അതേസമയം തൊഴിലാളികളുടെ താൽപര്യങ്ങൾ സംരംക്ഷിക്കുന്നതിനോടൊപ്പം തന്നെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്.ആർ.അസോസിയേറ്റ് എന്ന സ്ഥാപനം സിഐടിയു ഭീഷണിയെ തുടർന്ന് കടയുടമ അടച്ചുപൂട്ടിയത്. റബീഹ് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥയിലിലുള്ള കടയാണ് അടച്ചു പൂട്ടിയത്. കടയിൽ സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ അക്രമിച്ച സംഭവത്തിനു പിന്നാലെ തനിക്കും നിരന്തരം ഭീഷണിയുണ്ടായെന്നാണ് കടയുടമ വ്യക്തമാക്കിയത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരെ ട്രേഡ് യൂണിയൻ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് കടയുടമ ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി തനിക്കെതിരെ സിഐടിയു പ്രവർത്തകർ സമരം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം തൊഴിലാളികളെ കൊണ്ട് കടയിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും ഹൈക്കോടതിയിൽ നിന്നും അനുമതി തേടിയിരുന്നു. ഇതിനു ശേഷം കടയുടെ മുന്നിൽ താത്കാലിക ഷെഡ് കെട്ടിയ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതിനാൽ ആരും കടയിലേക്ക് വരുന്നില്ലെന്നും അതിനാൽ കട അടച്ചിടുകയല്ലാതെ വേറെ മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ രാഷ്ട്രീയ വിമർശനവുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തും ഗൾഫ് നാടുകളിലും ചെന്ന് കേരളം നിക്ഷേപസൗഹൃദസംസ്ഥാനമാണെന്ന് പറഞ്ഞ് സംരംഭകരെ ക്ഷണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം സ്വന്തം ജില്ലയിലെ സംരംഭകർക്കെങ്കിലും സുരക്ഷിതത്വം നൽകണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News