സിൽവർലൈൻ: കേരളം നൽകിയ ഡിപിആർ അപൂർണമെന്ന് ആവർത്തിച്ച് കേന്ദ്രം
വിശദാംശങ്ങൾ കെ- റെയിൽ നൽകിയിട്ടില്ലെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു
ഡൽഹി: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്‌ട് റിപ്പോർട്ട്) അപൂർണമെന്ന് ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രി. പദ്ധതിയുടെ സാധ്യതയെ കുറിച്ച് ഇപ്പോൾ തീരുമാനമെടുക്കാനാകില്ല. വിശദാംശങ്ങൾ കെ- റെയിൽ നൽകിയിട്ടില്ലെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എളമരം കരീമിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ലെന്ന് നേരത്തെ തന്നെ റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല, ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഇല്ല തുടങ്ങിയ കാര്യങ്ങളും മന്ത്രി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ വ്യക്തമായ ശേഷം മാത്രമേ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയയിച്ചിരുന്നു. പദ്ധതി ഉപേക്ഷിക്കുന്നത് സർക്കാരിന് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആദ്യം അനുകൂലമായിരുന്ന കേന്ദ്രസർക്കാറിന്റെ നിലപാട് ഇപ്പോൾ അങ്ങനെയല്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു വികസനത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ വഴങ്ങില്ല. കേസുകൾ പിൻവലിക്കില്ല. കല്ലുകൾ കൊണ്ട് ഒരു ദോഷവും സംഭവിക്കില്ല. കേന്ദ്ര അനുമതി എന്നായാലും കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിലിന് കേന്ദ്രാനുമതി ലഭിച്ചാലുടൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാലും വ്യക്തമാക്കിയിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ മാത്രമല്ല ഇന്ത്യയിൽ എവിടെ വേണമെങ്കിലും അതിവേഗം സഞ്ചരിക്കാനുള്ള സംവിധാനം വേണം. കേരളത്തിന്റെ ഭാവിയെ കരുതി കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിലും നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്രസർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതിക്ക് മുന്നോടിയായി ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷന് ദക്ഷിണ റെയിൽവേ അധികൃതർ സമർപ്പിച്ചിട്ടുണ്ടെന്നും കെ റെയിൽ വ്യക്തമാക്കി.