ലഹരിക്കെതിരെ ജനകീയ പ്രചാരണം സംഘടിപ്പിക്കാൻ എസ്കെഎസ്എസ്എഫ്
കാംപയിൻ കാലയളവിൽ കൗമാരക്കാരായ വിദ്യാർഥികളുടെ പ്രത്യേക കേഡറ്റ് രൂപീകരിക്കും.


കോഴിക്കോട്: ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന പ്രമേയവുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി ജനകീയ പ്രചാരണം സംഘടിപ്പിക്കുന്നു. സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർക്കിടയിൽ എത്തുന്ന വിവിധ പരിപാടികൾ നടത്തും. ജനകീയ പ്രചാരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് താമരശ്ശേരിയിൽ നടക്കും.
ലഹരിക്കെതിരെ ജനകീയ ജാഗ്രതാ സമിതികൾ ഇല്ലാത്ത പ്രദേശങ്ങളിൽ സംഘടന മുൻകൈയെടുത്ത് ജനപ്രതിനിധികളെയും പൗരപ്രമുഖരേയും മറ്റും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കും. കുടുംബകം (കുടുംബ സംഗമം), ചെറിയ പെരുന്നാൾ ദിനത്തിൽ മഹല്ല് തലങ്ങളിൽ പ്രതിജ്ഞ, ലഹരിക്ക് അടിമയായവർക്ക് പ്രത്യേക കൗൺസിലിങ് ക്യാമ്പുകൾ, സഹവാസ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.
കാംപയിൻ കാലയളവിൽ കൗമാരക്കാരായ വിദ്യാർഥികളുടെ പ്രത്യേക കേഡറ്റ് രൂപീകരിക്കും. ഇബാദ് ഖാഫില, പോസ്റ്റർ രചനാ മത്സരങ്ങൾ, ജില്ലാതല പാനൽ ടോക്, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, ജനജാഗ്രതാ സദസ് തുടങ്ങിയവ നടക്കും. ലഹരിമുക്ത സമൂഹത്തിൻ്റെ സാക്ഷാത്കാരത്തിനായി സംഘടന ആവിഷ്കരിച്ച പദ്ധതികളും നിർദേശങ്ങളും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമർപ്പിക്കും.
എസ്കെഎസ്എസ്എഫ് സംസ്ഥാന സമിതി ഹോട്ടൽ കിങ് ഫോർട്ടിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാംപയിൻ പ്രഖ്യാപനവും ഇഫ്താർ സംഗമവും പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.