സോളാർ ഗൂഢാലോചന കേസ്: കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, തുടർനടപടികൾ റദ്ദാക്കണമെന്ന ഹരജി തള്ളി
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടു പോകണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കൊച്ചി: സോളാർ ഗൂഢാലോചന കേസിൽ കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഗണേഷിനെതിരായ ആരോപണം ഗുരുതരമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടു പോകണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാർ കൂട്ടിച്ചേർക്കലുകൾ വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിലെ ഒന്ന് മുതൽ എട്ട് വരെയുള്ള സാക്ഷികളുടെ മൊഴികളിൽ ഇക്കാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ തുടർനടപടികൾ ഈ ഘട്ടത്തിൽ റദ്ദാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗണേഷ് കുമാറിന് പറയാനുള്ളത് മജിസ്ട്രേറ്റ് കോടതിയെ ബോധ്യപ്പെടുത്താം. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടു പോകണം. ഗണേഷ് നിരപരാധി ആണെങ്കിൽ അത് തെളിയിക്കപ്പെടട്ടെയെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ വിടുതൽ ഹരജിയുമായി ഗണേഷിന് കോടതിയെ സമീപിക്കാം. ആരോപണങ്ങൾ തെറ്റെന്ന് കണ്ടെത്തിയാൽ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സോളർ കേസിൽ പരാതിക്കാരിയുടെ കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നുമാണ് കോൺഗ്രസ് നേതാവ് സുധീർ ജേക്കബിന്റെ പരാതി. കേസിൽ ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര കോടതി സമൻസ് അയച്ചിരുന്നു.