ഫലസ്തീൻ ഐക്യദാർഢ്യ പെരുന്നാളിന് ആഹ്വാനവുമായി സോളിഡാരിറ്റി
മുസ്‌ലിം സമുദായത്തിന്റെ ചരിത്രവും അസ്തിത്വവും ചോദ്യം ചെയ്യുന്ന വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ആവശ്യപ്പെട്ടു.
കോഴിക്കോട്: ചെറിയ പെരുന്നാൾ ദിനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ആഹ്വാനവുമായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. വംശീയ സയണിസ്റ്റ് രാഷ്ട്രത്തിന്റെ അതിക്രൂരമായ അതിക്രമത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയെ ഓർമിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യാതെ ഈ പെരുന്നാൾ പൂർണമാവില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളിലും പെരുന്നാൾ ആഘോഷമടക്കം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ഭരണകൂട ഭീകരതയെയും അദ്ദേഹം അപലപിച്ചു. മുസ്‌ലിം സമുദായത്തിന്റെ ചരിത്രവും അസ്തിത്വവും ചോദ്യം ചെയ്യുന്ന വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരുന്നാൾ നിസ്‌കാരത്തിന് ശേഷവും മറ്റു സന്ദർഭങ്ങളിലും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വ്യത്യസ്ത പരിപാടികൾ ആവിഷ്‌കരിക്കാനാണ് തീരുമാനം. ഐക്യദാർഢ്യ ബാനറുകൾ, പ്ലക്കാർഡുകൾ, ബലൂണുകൾ തുടങ്ങിയ ആവിഷ്‌കാരങ്ങൾ നടക്കും. ഐക്യദാർഢ്യ പ്രകടനവും സമൂഹമാധ്യമ പ്രചാരണവും നടത്താനും സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.