''കൈയെടുക്കെടാ, ഞാൻ പൊലീസുകാരനാ..''; എസ്.എഫ്.ഐ മാർച്ചിനിടെ ആളുമാറി, സ്‌പെഷൽ ബ്രാഞ്ച് എസ്.ഐയുടെ കോളറില്‍ പിടിച്ച് പൊലീസ്
മുട്ടിക്കുളങ്ങര കെ.എ.പി ക്യാംപിൽനിന്നെത്തിയ പൊലീസുകാരായിരുന്നു സ്ഥലത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്
പാലക്കാട്: അഗ്‌നിപഥ് പദ്ധതിക്കെതിരെ പാലക്കാട്ട് നടന്ന എസ്.എഫ്.ഐ മാർച്ചിനിടെ ആളുമാറി സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ നീക്കം. പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നതിനിടെയായിരുന്നു സ്ഥലത്തുണ്ടായിരുന്ന സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ സത്യനെ പൊലീസുകാർ പിടിച്ചുവലിച്ച് വാനിൽ കയറ്റാൻ ശ്രമിച്ചത്.
ഇന്നു രാവിലെയായിരുന്നു പാലക്കാട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തിയത്. മുട്ടിക്കുളങ്ങര കെ.എ.പി ക്യാംപിൽനിന്നെത്തിയ പൊലീസുകാരായിരുന്നു സ്ഥലത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്. മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതിനിടെയാണ് മഫ്തിയിൽ ഇവിടെയുണ്ടായിരുന്ന സത്യനെ തിരിച്ചറിയാതെ പൊലീസുകാർ പിടിച്ചുവലിച്ച് വാനിൽ കയറ്റാൻ ശ്രമിച്ചത്.
കൈയെടുക്കെടാ, താന്‍ പൊലീസുകാരനാണെന്ന് രൂക്ഷമായ ഭാഷയില്‍ തന്നെ പറഞ്ഞുനോക്കിയെങ്കിലും ഉദ്യോഗസ്ഥർ കോളറിൽനിന്ന് പിടിവിട്ടില്ല. ഒടുവിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെയാണ് അമളി പിണഞ്ഞ കാര്യം ഉദ്യോഗസ്ഥർ തിരിച്ചറിയുന്നത്. തുടർന്ന് കോളറിൽ പിടിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസുകാർ എസ്.ഐയോട് മാപ്പുപറയുകയും ചെയ്തു.
Summary: Police attempt to arrest Special Branch SI Sathyan in mufti during SFI march in Palakkad