കുട്ടികള്‍ക്കായി പ്രത്യേക നിപ ചികിത്സാ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്
മസ്തിഷ്കജ്വര ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തുന്ന കുട്ടികളില്‍ നിപ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് കുട്ടികള്‍ക്കായി പ്രത്യേക നിപ ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തി. മസ്തിഷ്കജ്വര ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തുന്ന കുട്ടികളില്‍ നിപ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കുട്ടികളില്‍ നിപ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണം നടത്തുകയാണ് ആരോഗ്യവകുപ്പ്. അപസ്മാരം, മസ്തിഷ്ക ജ്വരം തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളില്‍ നിര്‍ബന്ധമായും നിപ പരിശോധന നടത്തണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. തിരുവനന്തപുരം എസ്എടി ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ പ്രത്യേക നിപ വാര്‍ഡ് തുറന്നു.
നിപ ചികിത്സക്കായി വെന്‍റിലേറ്റര്‍, ഐ.സി.യു സൗകര്യങ്ങളും ഒരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.