ദിലീപിനെതിരായ സംവിധായകന്‍റെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും
എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക സംഘം. എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസും സംഘത്തിലുണ്ട്.
നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസില്‍ നിര്‍ണായകമായേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇതില്‍ തുടരന്വേഷണം നടത്താന്‍ വിചാരണ കോടതി 20ആം തിയ്യതി വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചത്. കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് 13 അംഗ സംഘത്തെ നിയമിച്ചത്.
അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡി.ജി.പി ബി. സന്ധ്യ ഫയർഫോഴ്സ് മേധാവിയായ സാഹചര്യത്തിലാണ് പുതിയ സംഘത്തെ നിയമിച്ചത്. എ.ഡി.ജി.പി ശ്രീജിത്ത്, ക്രൈംബ്രാഞ്ച് ഐ.ജി കെ പി ഫിലിപ്പ്, എസ്.പിമാരായ കെ എസ് സുദര്‍ശന്‍, എം ജെ സോജന്‍, ഡി.വൈ.എസ്.പി ബൈജു പൌലോസ്, നെടുമ്പാശേരി സ്റ്റേഷനിലെ എസ്.എച്ച്.എ ബൈജു പി എം, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ തുടങ്ങിയവരാണ് സംഘത്തില്‍.
ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച് ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തൽ. പൊലീസ് നൽകിയ അപേക്ഷയിൽ എറണാകുളം സി.ജെ.എം കോടതിയുടേതാണ് നടപടി. സി.ജെ.എം കോടതി നിർദേശിക്കുന്ന മജിസ്ട്രേറ്റ് മുന്‍പാകെ ഉടൻ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും.