സംഗീതം ജയചന്ദ്രന്‍റെ ആത്മാവായിരുന്നു; സ്‌നേഹിച്ചത് സംഗീതത്തെ-ശ്രീകുമാരൻ തമ്പി

'യേശുദാസും മുഹമ്മദ് റഫിയും മുകേഷും പി. സുശീലയുമെല്ലാം പാടിയ പാട്ടുകളെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കും ജയചന്ദ്രന്‍. മറ്റു പാട്ടുകാരെ വളർത്തിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.'

Update: 2025-01-09 16:39 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംഗീതത്തെ ഇത്രയും സ്‌നേഹിച്ച വേറൊരു പാട്ടുകാരൻ വേറെയില്ലെന്ന് സംഗീതജ്ഞൻ ശ്രീകുമാരൻ തമ്പി. സംഗീതം അദ്ദേഹത്തിന്റെ ആത്മാവായിരുന്നു. അരനൂറ്റാണ്ടിലേറെ കാലം നീണ്ട സാഹോദര്യമായിരുന്നു ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. മറ്റു പാട്ടുകാരെയെല്ലാം വളർത്തിക്കൊണ്ടുവരുന്നതിലും പാട്ടുകൾ പാടിനടക്കുന്നതിലും സംഗീതത്തെ കുറിച്ച് സംസാരിക്കുന്നതിലുമെല്ലാം മുഴുകിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.

''2024ൽ സുഖമില്ലാത്ത അവസ്ഥയിലും എന്റെ മൂന്ന് പാട്ടുകൾ ജയചന്ദ്രൻ പാടി. ജയചന്ദ്രന്റെ വലിയൊരു മഹത്വം മറ്റുള്ള പാട്ടുകാരെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുക എന്നതാണ്. യേശുദാസും മുഹമ്മദ് റഫിയും മുകേഷും പി. സുശീലയുമെല്ലാം പാടിയ പാട്ടുകളെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കും. മറ്റു പാട്ടുകാരെ വളർത്തിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ വേറൊരു ഗായകനെയും കണ്ടിട്ടില്ല. സംഗീതത്തെയാണ് അദ്ദേഹം സ്‌നേഹിച്ചത്. എല്ലാവരുടെയും പാട്ട് കേൾക്കും. എപ്പോഴും പാടിക്കൊണ്ടിരിക്കും. പാട്ടുകളെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കും.''-ശ്രീകുമാരൻ തമ്പി പറഞ്ഞു.

''വിവിധ ഭാഷകളിൽ ഇത്രയും പാട്ടുകൾ കാണാതെ പഠിച്ച വേറൊരു പാട്ടുകാരനില്ല. ജയചന്ദ്രൻ സംഗീതത്തെയാണ് സ്‌നേഹിച്ചത്. സംഗീതം അദ്ദേഹത്തിന്റെ ആത്മാവായിരുന്നു. യേശുദാസിന്റെ പോലെ ക്ലാസിക്കൽ സംഗീതമൊന്നും അദ്ദേഹം പഠിച്ചിട്ടില്ല. എന്നാൽ, എന്റെയും അർജുനൻ മാസ്റ്ററുടെയും ദക്ഷിണാമൂർത്തിയുടെയുമെല്ലാം എത്രയോ സെമി ക്ലാസിക് പാട്ടുകൾ പാടി. ഭാവം അദ്ദേഹത്തിന്റെ ആലാപനത്തിന്റെ പ്രത്യേകതയായിരുന്നു.''

ഞങ്ങൾ തമ്മിൽ സഹോദരബന്ധമായിരുന്നു. 1966ലായിരുന്നു ഞങ്ങൾ രണ്ടുപേരും സിനിമയിൽ വരുന്നത്. ഞാൻ കാട്ടുമല്ലികയ്ക്കു പാട്ടെഴുതുകയും അതു പുറത്തുവരികയും ചെയ്തു. കുഞ്ഞാലിമരക്കാർ സിനിമയ്ക്കു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും കളിത്തോഴനിൽ പാടിയ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' ആണ് ആദ്യം പുറത്തുവന്നത്. 58 വർഷം നീണ്ടുനിന്ന സാഹോദര്യമായിരുന്നു ഞങ്ങളുടേത്-ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News