ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞത്തേക്ക് നീങ്ങുന്നു; തീരത്ത് കോസ്റ്റ് ഗാർഡിന്റെ പരിശോധന
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടേതാണ് അറിയിപ്പ്
വിഴിഞ്ഞത്ത് കടലിൽ കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് പരിശോധന നടത്തുന്നു. ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞം തീരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് പരിശോധന. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടേതാണ് അറിയിപ്പ്.
കഴിഞ്ഞ ദിവസം തമിഴ്‌നാട് രാമേശ്വരത്ത് നിന്നും ആറ് ശ്രീലങ്കൻ അഭയാർഥികളെ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നതിനാലാണ് ഈ കൂട്ടമായുള്ള പലായനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ കേരളാ തീരത്തും പരിശോധന കർശനമാക്കിയിരിക്കുകയാണ്.
വിഴുഞ്ഞത്തു നിന്നും എത്ര മീറ്റർ അകലെയാണ് ബോട്ട് എന്ന കാര്യത്തിൽ വ്യക്തതയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മറ്റു പല സുരക്ഷിത സ്ഥലങ്ങളിലേക്കും ശ്രീലങ്കൻ വംശജർ പലായനം നടത്തുകയാണ്. ഇതിന്റെ മറവിൽ ലഹരി മുരുന്നും ആയുധങ്ങളും കടത്തുന്നുണ്ടെന്ന വിവരവും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകുന്നുണ്ട്. മുൻ കാലത്തു ഇത്തരത്തിലുള്ള ആയുധക്കടത്തുകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.