എസ്.എസ്.എൽ.സി പരീക്ഷ; സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനതലത്തിൽ മാത്രമുള്ള പരീക്ഷാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ട്

Update: 2024-05-29 00:56 GMT
Advertising

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓർമപരിശോധന അവസാനിപ്പിച്ച് പ്രായോഗിക അറിവിന് ഊന്നൽ നൽകണമെന്ന് വിദ്യാഭ്യാസ കോൺക്ലേവിന്റെ കരട് റിപ്പോർട്ടിൽ പറഞ്ഞു. പരീക്ഷ പരിഷ്കരണം തന്നെയായിരുന്നു വിദ്യാഭ്യാസ കോൺക്ലേവിൻ്റെ മുഖ്യ അജണ്ട.

നിലവിലെ പരീക്ഷാ സംവിധാനത്തിൻ്റെയും മൂല്യനിർണയ രീതിയുടെയും സാധ്യതകളും ന്യൂനതകളും കോൺക്ലേവിൽ ചർച്ചയായി. വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം പഠിച്ചത് ഓർത്തെടുത്ത് എഴുതൽ മാത്രമാണ് ഇപ്പോഴത്തെ രീതി. അതിനാൽ പഠന വിഷയത്തിന്റെയും കഴിവിന്റെയും നേരിയ ഭാഗം മാത്രം അളക്കപ്പെടുന്നു. ഇവ ആകമാനം പൊളിച്ചെഴുതേണ്ടതുണ്ട് എന്നാണ് കണ്ടെത്തൽ.

കുട്ടിക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ അവസരം ഒരുക്കുക എന്നതാണ് ആദ്യപടി. വിദ്യാർഥിക്ക് ഇഷ്ടാനുസരണം നിശ്ചിത എണ്ണം ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ സാധിക്കണം. ഇതിനുവേണ്ടി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്താം. ഒരു പരീക്ഷക്ക് പകരം ഒന്നിലധികം നടത്തി കൂട്ടത്തിൽ മികച്ച പ്രകടനം പരിഗണിക്കും. ഇതുവഴി കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കാമെന്നാണ് ആണ് കണക്കുകൂട്ടുന്നത്.

സംസ്ഥാനതലത്തിൽ മാത്രമുള്ള പരീക്ഷാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്. പുസ്തകം നോക്കിയുള്ള പരീക്ഷ, പ്രോജക്ട് പ്രവർത്തനം, വാചാ പരീക്ഷ തുടങ്ങിയ രീതികൾ അവലംബിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കോൺക്ലേവിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ച ശേഷം ആകും വിദ്യാഭ്യാസവകുപ്പ് അടുത്തഘട്ടത്തിലേക്ക് കടക്കുക.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News