വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ; വയനാട്ടിലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

സാമ്പിളുകൾ പരിശോധനയ്ക്കയക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി

Update: 2022-05-03 11:46 GMT
Advertising

വയനാട്: വയനാട്ടില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനയില്‍ കമ്പളക്കാട് ക്രൗൺ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. സാമ്പിളുകൾ പരിശോധനയ്ക്കയക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്നെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലായിരുന്നു പരിശോധന.  

കമ്പളക്കാട്ടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് വിനോദസഞ്ചാരികള്‍ വ്യക്തമാക്കിയത്. ഒമ്പത് പേരെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 29 പേരടങ്ങുന്ന ഒരു സംഘത്തില്‍ എല്ലാവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.

അതേസമയം, കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച കേസിൽ ഐഡിയൽ കൂൾ ബാറിന്‍റെ പാർട്ണർ അഹമ്മദ് അറസ്റ്റിലായി. കടയിലെ രണ്ട് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെ കേസിൽ നാലാം പ്രതിയാക്കി.

സംസ്ഥാനത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നിര്‍ദേശം. ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധനകളും നടക്കും. ഗുണമേന്മയുളള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News