ആറ്റിങ്ങലിൽ വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്ടിച്ച കേസ്; രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
രാജസ്ഥാനിലെ തസ്‌കര ഗ്രാമമായ താണ്ടോടിയിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ പിടികൂടിയത്
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിതുറന്ന് 50 പവനും സ്വർണവും മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ, സാൻവർ ലാൽ എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ തസ്‌കര ഗ്രാമമായ താണ്ടോടിയിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് അതിസാഹസികമായി ഇവരെ പിടികൂടിയത്.
മാർച്ച് ഏഴിനാണ് ദന്തൽ ഡോക്ടറായ അരുൺ ശ്രീനിവാസന്റെ വീട് കുത്തിത്തുറന്ന് സംഘം സ്വർണവും പണവും കവർന്നത്. മോഷണത്തിനു പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രതികളിലേക്കെത്തിയത്. അജ്മീറിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഉൾനാടൻ ഗ്രാമമായ താണ്ടോടിയിലെത്തി ഏറെ പണിപ്പെട്ടാണ് ആറ്റിങ്ങൽ എസ്.ഐ. ആദർശിന്റെ സംഘം പ്രതികളെ പിടികൂടിയത്.
അതിവിദഗ്ധമായി കവർച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങളും തുണികളും വിൽക്കാനെന്ന വ്യാജേനയാണ് ഇവർ കേരളത്തിൽ എത്തുന്നത്. സ്ത്രീകളും കുട്ടികളുമായി എത്തുന്ന ഇത്തരം സംഘങ്ങൾ റോഡരികിൽ ടെന്റ് അടിച്ചാണ് താമസം. തുടർന്ന് ആളൊഴിഞ്ഞ വീടുകൾ നോക്കി മനസ്സിലാക്കി കവർച്ച നടത്തുന്നതാണ് രീതി.