ഡിവിഷൻ നഷ്ടപ്പെടാതിരിക്കാൻ മറ്റ് സ്‌കൂളിലെ വിദ്യാർഥികളെ ക്ലാസിലിരുത്തി; പ്രധാനധ്യാപികക്കെതിരെ നടപടി
അധ്യാപകരായ ജയലാൽ, ദിവ്യ ദിവാകർ എന്നിവരെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു
കൊച്ചി: ഡിവിഷൻ നഷ്ടപ്പെടാതിരിക്കാൻ മറ്റ് സ്‌കൂളിലെ വിദ്യാർഥികളെ ക്ലാസിലിരുത്തിയ പ്രധാനാധ്യാപികക്കെതിരെ നടപടി. ആലുവ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപിക മീന പോളിനെയാണ് സസ്‌പെൻഡ് ചെയ്തത്. നേരത്തേ അധ്യാപകരായ ജയലാൽ, ദിവ്യ ദിവാകർ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് നടപടിയെടുത്തത്.
2023-24 വർഷത്തെ ഹയർ ലെവൽ വെരിഫിക്കേഷനു വേണ്ടി ചൊവ്വാഴ്ച്ച ഡി.ഡി.ഇയുടെ നേതൃത്വത്തിൽ ആലുവ ഗേൾസ് സ്‌കൂളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാജ അഡ്മിഷൻ കണ്ടെത്തിയത്. ഡിവിഷൻ നിലനിർത്താൻ മറ്റു സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെ വ്യജരേഖയുണ്ടാക്കി ക്ലാസിലിരുത്തുകയായിരുന്നു.
സ്‌കൂളിൽ ഡിവിഷൻ നഷ്ടപ്പെടതിരിക്കാൻ പ്രധാനാധ്യാപികയും ക്ലാസ് അധ്യപകരും ചേർന്ന് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായും ഡി.ഡി.ഇ കണ്ടെത്തിയിട്ടുണ്ട്. ഏഴാം ക്ലാസിൽ ഏഴ് കുട്ടികളെയും പത്താം ക്ലാസിൽ ഒരു വിദ്യാർഥിനിയെയുമാണ് വ്യാജരേഖകളുണ്ടാക്കി ക്ലാസിലിരുത്തിയത്.