'ഒരാഴ്ചയായി സുബി ചികിത്സയോട് പ്രതികരിച്ചിരുന്നില്ല... ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേ സ്ഥിതി മോശമായിരുന്നു'

കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ രാവിലെ 10 മണിയോടെയായിരുന്നു സുബിയുടെ അന്ത്യം

Update: 2023-02-22 08:54 GMT
Advertising

കൊച്ചി. സിനിമ - സീരിയൽ താരം സുബി സുരേഷിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുമ്പോഴേ സ്ഥിതി മോശമായിരുന്നു  എന്ന് രാജഗിരി ആശുപത്രി വൃത്തങ്ങൾ. കരൾ മാറ്റിവെക്കുന്നതിനായുള്ള ശ്രമം ആശുപത്രിയുടെ ഭാഗത്തുനിന്നും പുരോഗമിക്കുകയായിരുന്നു. ശ്രമങ്ങൾക്കൊടുവിൽ കരൾ ദാദാവിനെ കണ്ടെത്തുകയും മെഡിക്കൽ ബോർഡ് മീറ്റിംഗ് ചേർന്ന് അന്തിമ തീരുമാനത്തിനായി സംസ്ഥാന മെഡിക്കൽ ബോർഡിന് വിട്ടിരിക്കുകയായിരുന്നു. ഒരാഴ്ചയായി സുബി ചികിത്സയോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല എന്നും ആശുപത്രി വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു. കരൾ മാറ്റിവെക്കലിന് കാലതാമസമുണ്ടായത് സുബിയുടെ മരണത്തിന് കാരണമായെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

രാജഗിരി ആശുപത്രി സൂപ്രണ്ട്  സണ്ണി ഒരത്തേലിന്റെ പ്രതികരണം

'കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള അനുമതി ഇന്ന് നൽകാനിരിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിരുന്നു. എന്നാൽ അവയവമാറ്റ ശസ്ത്രക്രിയക്ക് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ നിമിഷം മുതൽ ഒരാഴ്ചയായി സുബി ചികിത്സയോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. രോഗ പ്രതിരോധശേഷി കുറവായതിനാലാണ് മരുന്നുകളാട് ശരീരം ഒരു ഘട്ടത്തിലും പ്രതികരിക്കാതിരുന്നത്. അവസ്ഥ വളരെ മോശമായിരുന്നു. രോഗം വൃക്കയെ ബാധിച്ചു. പിന്നീട് ഹൃദയത്തേയും. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നു എങ്കിൽ അഞ്ചോ ആറോ ദിവസം കൊണ്ട് മറ്റു ചികിത്സകളിലേക്ക് കടക്കാമായിരുന്നു. എന്നാൽ അതിനുള്ള ആരോഗ്യസ്ഥിതി അവർക്കുണ്ടായിരുന്നില്ല.'

Full View

കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ രാവിലെ 10 മണിയോടെയായിരുന്നു സുബിയുടെ അന്ത്യം. ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണിക്ക് വരാപ്പുഴയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് പുത്തൻപള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ടോടെ പൊതു ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ചിരിച്ചു ചിരിപ്പിച്ചും മലയാളി മനസിൽ സ്വന്തമായൊരിടം കണ്ടെത്തിയ കലാകാരിയായിരുന്നു സുബി സുരേഷ്. തികച്ചും അപ്രതീക്ഷിതമായിരുന്നു സുബി സുരേഷിൻ്റെ വിയോഗം. കഴിഞ്ഞ മാസം 28 ന് ആണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സുബിയെ പ്രവേശിപ്പിച്ചത്. അവയവ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കേയായിരുന്നു രാവിലെ സുബി സുരേഷിൻ്റെ വിയോഗം.

രമേഷ് പിഷാരടി, ടി നി ടോം അടക്കമുള്ള ഉറ്റ സുഹൃത്തുക്കൾ ആശുപത്രിയിലെത്തി ബന്ധുക്കളെ കണ്ടു. ഏറെ ഭാവിയുള്ള കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. സുബി സുരേഷിന്റെ വിയോഗം കലാരംഗത്ത് നികത്താൻ ആകാത്ത നഷ്ടമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News