വഴിതെറ്റി നഗരത്തില്‍ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തിരക്കിയിറങ്ങിയ ഭർത്താവ് കുഴഞ്ഞുവീണു; രക്ഷകയായി സുരഭി ലക്ഷ്മി

സുരഭി അറിയിച്ചതിനെ തുടര്‍ന്നു തക്കസമയത്ത് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു

Update: 2022-04-14 03:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: വഴിതെറ്റി നഗരത്തില്‍ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്നു കുഴഞ്ഞു വീണു. അതുവഴി വാഹനത്തിലെത്തിയ നടി സുരഭി ലക്ഷ്മിയുടെ സമയോചിത ഇടപെടലാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. സുരഭി അറിയിച്ചതിനെ തുടര്‍ന്നു തക്കസമയത്ത് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്റ്റേഷനില്‍ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണു സംഭവം. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് ഇളയ കുഞ്ഞിനെയും കൂട്ടി പകല്‍ മുഴുവന്‍ നഗരത്തിലുടനീളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്ന് തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയ ശേഷം സ്റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്‍റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഭര്‍ത്താവിന്‍റെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നഗരത്തിലെ ഒരു ഇഫ്ത്താറില്‍ പങ്കെടുത്ത് വീട്ടിലേക്ക് കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭി ലക്ഷ്മി ഇവരെക്കണ്ട് വാഹനം നിര്‍ത്തുകയും ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോള്‍ സുരഭിയും കൂടെപ്പോയി. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. ഇതിനിടയില്‍, സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News