മംഗളൂരുവില്‍ ജ്വല്ലറി ഉടമയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
കാസർകോടും മംഗളൂരുവിലുമുള്ള ജ്വല്ലറികളിൽ മോഷണം നടത്താനാണ് താൻ എത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു
കാസര്‍കോട്: മംഗളൂർ ഹമ്പൻകട്ടയിലെ ജ്വല്ലറിയിൽ കൊലപാതകം നടത്തിയ കേസിലെ മുഖ്യപ്രതിയെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട് സെമ്മഞ്ചേരി സ്വദേശി ഷിഫാസ് ആണ് അറസ്റ്റിലായത്. ജ്വല്ലറി ജീവനക്കാരനായ അത്താവർ സ്വദേശി രാഘവേന്ദ്ര ആചാര്യ കഴിഞ്ഞ മാസം മൂന്നിന് വൈകിട്ടാണ് കൊല്ലപ്പെട്ടത്.
ജ്വല്ലറിയിൽ രാഘവേന്ദ്ര ആചാര്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തനിച്ചുണ്ടായിരുന്ന ജീവനക്കാരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്വർണവുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തെട്ടടുത്തുള്ള ഒരു മോളിൽ കയറിയ ഇയാളുടെ ദൃശ്യം കർണാകട പൊലീസ് പുറത്ത് വിട്ടിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടുകൂടിയാണ് ഇയാൾ പിടിയിലായത്.
കാസർകോട് നഗരത്തിലെ മല്ലികാർജുന ക്ഷേത്രത്തിന് സമീപത്ത് ഇയാൾ എത്തിയ വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. കാസർകോട് ജില്ലാപൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കാസർകോടും മംഗളൂരുവിലുമുള്ള ജ്വല്ലറികളിൽ മോഷണം നടത്താനാണ് താൻ എത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. എയർഗൺ, വിഗ്, പെപ്പർ സ്‌പ്രേ എന്നിവയും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.