"ഞാനും മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസിൽ ഒരുമിച്ചിരുന്ന് പല കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്"- സ്വപ്ന സുരേഷ്
മുഖ്യമന്ത്രി ഷാജ് കിരണെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് സ്വപ്ന
കൊച്ചി: തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾക്ക് മറുപടിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയത്.
"ഞാന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഈ വിവാദ വനിതയെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നെ അദ്ദേഹത്തിന് അറിയില്ല എന്ന് പറയുന്നത് കള്ളമാണ്. ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ഭാര്യയും ഒരുമിച്ച് ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ട്"- സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി ഷാജ് കിരണെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയായിരുന്നു. ഷാജ് കിരണെ അയച്ചത് മുഖ്യമന്ത്രി തന്നെയാണ് എന്ന് സ്വപ്ന ആവർത്തിച്ചു.
എത്ര കേസ് തനിക്കെതിരെ എടുത്താലും 164 മൊഴിയില്‍ ഉറച്ചു നിൽക്കുമെന്നും പിന്മാറാൻ തന്നെ കൊല്ലണമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. ഷാജ് കിരൺ വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ് പറഞ്ഞു. രഹസ്യമൊഴിയിലെ വിവരങ്ങൾ സിപിഎം നേതാക്കൾക്ക് എങ്ങനെ കിട്ടി എന്നും കെ ടി ജലീലിന് പരാതി നൽകാൻ എന്താണ് ഇത്ര ധൃതി എന്നും അദ്ദേഹം ചോദിച്ചു.