ടി. ശശിധരന്‍ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയില്‍; വിഭാഗീയതയുടെ പേരിൽ തരംതാഴ്ത്തി; 15 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരവ്
തെറ്റുകൾ തിരുത്തിയതിനാലാണ് പാർട്ടി തന്നെ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും ടി.ശശിധരൻ മീഡിയ വണിനോട്
ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരനെ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. വിഭാഗീയതയുടെ പേരിൽ 15 വർഷം മുമ്പ് ശശിധരനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു. അതേസമയം എംഎം വർഗീസിനെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
തൃശൂർ ജില്ലയിൽ മാത്രമല്ല, സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട നേതാവെന്ന നിലയിൽ വളർന്നുവന്നയാളാണ് ടി. ശശിധരൻ. മികച്ച സംഘാടകൻ, പ്രാസംഗികൻ എന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹത്തെ വിഎസ്-പിണറായി വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമായതിനാലാണ് ബ്രാഞ്ചിലേക്ക് നീണ്ട വർഷക്കാലം തരം താഴ്ത്തിയത്.
തെറ്റുകൾ തിരുത്തിയതിനാലാണ് പാർട്ടി തന്നെ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു. വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി തരം താഴ്ത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തന്നെ അംഗമാകേണ്ടയാളാണ് ടി. ശശിധരൻ. മാള ഏരിയ കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം സിപിഎം സമ്മേളന വേദിയിലെത്തിയത്. ശശിധരനോടൊപ്പം 12 പുതുമുഖങ്ങൾ കൂടിയും ഇത്തവണ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃ നിരയിലെത്തുന്നുണ്ട്.