മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ മകൾ വീണക്ക് രാഷ്ട്രീയ പ്രതിരോധം തീർത്ത് സിപിഎം
വഴിവിട്ട ഒരു സഹായവും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റ മകൾ ടി.വീണക്ക് രാഷ്ട്രീയ പ്രതിരോധം തീർത്ത് സിപിഎം. എസ്എഫ്ഐഒ നാടകം രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
എസ്എഫ്ഐഒ കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. കേസിൽ വിശദമായ വാദം കേൾക്കുന്നതിനിടയിലെ എസ്എഫ്ഐ ഒ നീക്കം ഗൗരവമായി പരിശോധിക്കണം. വഴിവിട്ട ഒരു സഹായവും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണയെ പ്രതിയാക്കിയ എസ് എഫ് ഐ ഒ നടപടിയിൽ ഗൂഢാലോചന സംശയിക്കണമെന്ന് എം.എ ബേബി പറഞ്ഞു . ജനങ്ങളുടെ മനസിൽ കെട്ടടങ്ങിയ ഒരു കേസാണിതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ഒരേ വേദിയിൽ ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായതെന്നും എം.എ.ബേബി പറഞ്ഞു.
മാസപ്പടിക്കേസിൽ ടി.വീണക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നിയമസഭാ,തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് രാഷ്ട്രീയ പശ്ചാത്തലം ഒരുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കേസ്. വിവിധ ഏജൻസികളും കോടതികളും തള്ളിക്കളഞ്ഞ കേസാണെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
മാസപ്പടിക്കേസിൽ അന്വേഷിക്കാൻ ഒന്നുമില്ലെന്ന് നാല് കോടതികൾ വ്യക്തമാക്കിയതാണെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.മുഖ്യമന്ത്രിക്ക് കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതാണ്.ഇപ്പോഴത്തെ അന്വേഷണത്തിലെ രാഷ്ട്രീയം വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
പാർട്ടി കോൺഗ്രസിന്റെ പൊലിമ കുറക്കാനാണ് ടി.വീണക്കെതിരായ എസ്എഫ്ഐഒ കേസെന്ന് കെ.കെ.ശൈലജ.പലതരത്തിലുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നു വന്നിട്ടുള്ളതാണ്.അതൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു.
അതിനിടെ ടി.വീണയെ എസ്എഫ്ഐഒ പ്രതി ചേർത്തതോടെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷം.കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡല തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.