'വഖഫ് കൈയേറാനുള്ള ആർഎസ്എസ് നീക്കത്തെ ചെറുക്കാൻ തെരുവിലിറങ്ങുക'; സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്
'ജനാധിപത്യപരമായ പ്രക്ഷോഭങ്ങളിലൂടെ വഖഫിനെ സംരക്ഷിക്കാൻ നാം തെരുവിൽ ഉറച്ചുനിൽക്കും'
![വഖഫ് കൈയേറാനുള്ള ആർഎസ്എസ് നീക്കത്തെ ചെറുക്കാൻ തെരുവിലിറങ്ങുക; സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് വഖഫ് കൈയേറാനുള്ള ആർഎസ്എസ് നീക്കത്തെ ചെറുക്കാൻ തെരുവിലിറങ്ങുക; സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്](https://www.mediaoneonline.com/h-upload/2025/01/29/1500x900_1460331-untitled-1.webp)
![AddThis Website Tools](https://cache.addthiscdn.com/icons/v3/thumbs/32x32/addthis.png)
കോഴിക്കോട്: വഖഫ് കൈയേറാനുള്ള ആർഎസ്എസ് നീക്കത്തെ ചെറുക്കാൻ തെരുവിലിറങ്ങണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. സമുദായത്തിന്റെ മതപരമായ അവകാശവും അസ്ഥിത്വവും തകർക്കുന്ന 'ഉമീദ്', വഖഫ് എന്ന ആശയത്തെയും വാക്കിനെയും തകർക്കാനുദ്ദേശിച്ചുള്ളതാണ് എന്ന് തൗഫീഖ് മമ്പാട് ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
'മുസ്‌ലിം സമുദായം നൂറ്റാണ്ടുകളായി ദാനധർമ്മങ്ങളിലൂടെ വളർത്തിയെടുത്ത വഖഫ് കൈയേറാനുള്ള ആർ.എസ്.എസ് നീക്കത്തെ ചെറുക്കാൻ തെരുവിലിറങ്ങുക.
സമുദായത്തിന്റെ മതപരമായ അവകാശവും അസ്ഥിത്വവും തകർക്കുന്ന 'ഉമീദ്', വഖഫ് എന്ന ആശയത്തെയും വാക്കിനെയും തകർക്കാനുദ്ദേശിച്ചുള്ളതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വഖഫ് കൈയേറ്റം നടത്തിയിട്ടുള്ളത് സർക്കാർ തന്നെ ആയിരിക്കെ, സർക്കാർ കൈയേറ്റത്തിന് നിയമസാധുത നൽകുന്ന നിയമത്തെ പിന്തുണക്കുന്ന ടി.ഡി.പി, ജെ.ഡി.എസ് തുടങ്ങിയ പാർട്ടികൾ ആത്മപരിശോധന നടത്തണം. ട്രൈബ്യൂണലിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതും വഖഫ് - സർക്കാർ തർക്കത്തിൽ തീർപ്പു കൽപ്പിക്കാനുള്ള അധികാരം 'ഒരു സർക്കാർ ഉദ്യോഗസ്ഥന്' നൽകിയ വ്യവസ്ഥയും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. മുസ്‌ലിം അസ്ഥിത്വത്തെ തകർക്കാൻ ബോധപൂർവം ഹിന്ദുത്വ ഫാഷിസം നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗമാണ് ഈ നിയമവും. അതിനാൽ ജനാധിപത്യപരമായ പ്രക്ഷോഭങ്ങളിലൂടെ വഖഫിനെ സംരക്ഷിക്കാൻ നാം തെരുവിൽ ഉറച്ചുനിൽക്കും. സോളിഡാരിറ്റി ഈ സമുദായത്തിന്റെ ഇസ്സത്തിനു വേണ്ടി പോരാട്ട ഭൂമികയിൽ അവസാനംവരെ നിലയുറപ്പിക്കും'.