'പാഠപുസ്തകരചനയിൽ ഏകാധിപത്യ നിലപാട്'; എസ്.സി.ഇ.ആർ.ടിക്കെതിരെ അധ്യാപക സംഘടനകൾ
പാഠപുസ്തകരചനയ്ക്കായി യോഗ്യരായവരെ കണ്ടെത്താൻ എസ്.സി.ഇ.ആർ.ടി പരീക്ഷ നടത്തിയിട്ടും ഫലം ഇതുവരെയും പുറത്തുവന്നിട്ടില്ല
തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകരചനയിൽ എസ്.സി.ഇ.ആർ.ടിക്ക് ഏകാധിപത്യ പ്രവണതയെന്ന ആരോപണവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ. വ്യത്യസ്ത ആശയഗതിക്കാരെ ഒഴിവാക്കിയാണ് പാഠപുസ്തകരചന പൂർത്തിയാക്കുന്നതെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. എല്ലാ വിഭാഗത്തിൽനിന്നുള്ളവരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് അധ്യാപകരുടെ തീരുമാനം.
കരിക്കുലം കമ്മിറ്റി, കോർ കമ്മിറ്റി, ഫോക്കസ് ഗ്രൂപ്പ്, പുസ്തകരചന എന്നിവയിൽനിന്ന് പൂർണ്ണമായി ഒഴിവാക്കിയതാണ് പ്രതിപക്ഷ അധ്യാപക സംഘടനാ പ്രവർത്തകരെ ചൊടിപ്പിച്ചത്. ചർച്ചചെയ്ത് മുന്നോട്ടുപോകുന്നതിനു പകരം ഏകപക്ഷീയമായി സർക്കാർ തീരുമാനമെടുക്കുന്നുവെന്ന് ഇവർ ആരോപിക്കുന്നു. പാഠപുസ്തകരചനയ്ക്കായി യോഗ്യരായവരെ കണ്ടെത്താൻ എസ്.സി.ഇ.ആർ.ടി പരീക്ഷ നടത്തിയിട്ടും ഫലം ഇതുവരെയും പുറത്തുവന്നിട്ടില്ല. അർഹരായവരെ തഴഞ്ഞ് അനർഹരായവരെ തിരുകിക്കയറ്റാൻ ഫലം പൂഴ്ത്തിവയ്ക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.
പാഠ്യപദ്ധതി പരിഷ്കരണത്തിലും കാര്യമായ അപാകതകളുണ്ടെന്ന് അധ്യാപകർ പറയുന്നു. പാഠപുസ്തകരചനയ്ക്കു പൂർത്തിയാവേണ്ട കരിക്കുലം ചട്ടക്കൂട് രചന പാതിവഴിയിലെത്തിയപ്പോഴാണ് പ്രഖ്യാപിച്ചത്. ഇത് ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇവർ പറയുന്നു. സ്കൂൾ വിദ്യാഭ്യാസ മേഖലയില് സര്ക്കാര് ജനാധിപത്യവിരുദ്ധ ഇടപെടലുകൾ നടത്തുന്നുവെന്ന് ആരോപിച്ച് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് കെ.പി.എസ്.ടി.എയുടെ നീക്കം. ഇതിൻ്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കും.
Summary: Opposition teachers' unions have accused SCERT of authoritarian tendencies in the drafting of school textbooks