താമരശ്ശേരി ആക്രമണം: ലഹരിമാഫിയ സംഘത്തിലെ രണ്ടുപേർകൂടി അറസ്റ്റിൽ
കെ.കെ ദീപീഷ്, തച്ചംപൊയിൽ ഇരട്ട കുളങ്ങര സ്വദേശി പുഷ്പ എന്ന റജീന എന്നിവരാണ് അറസ്റ്റിലായത്
കോഴിക്കോട്: താമരശ്ശേരി കൂരിമുണ്ടയിലെ ലഹരി മാഫിയ ആക്രമണക്കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ലഹരി ക്യാമ്പിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
താമരശ്ശേരി കുടുക്കിൽ ഉമ്മരം കയ്യേലിക്കുന്നുമ്മൽ കെ.കെ ദീപീഷ്, തച്ചംപൊയിൽ ഇരട്ട കുളങ്ങര സ്വദേശി പുഷ്പ എന്ന റജീന എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൊച്ചി മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീർ, താമരശ്ശേരി കൂടത്തായി സ്വദേശി വിഷ്ണുദാസ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ലഹരി സംഘം ക്യാമ്പ് ചെയ്തിരുന്നതിന് സമീപത്തെ വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചതില്‍ പ്രകോപിതരായാണ് സംഘം അക്രമം അഴിച്ചുവിട്ടത്.
ലഹരി മാഫിയയുടെ ആക്രമണം നടന്ന വീടിനു സമീപത്ത് കണ്ടെത്തിയ മയക്കുമരുന്ന് ക്യാമ്പ് ഒരു വർഷത്തോളമായി പ്രവർത്തിച്ചുവരികയാണെന്നും ലഹരി സംഘത്തിനെതിരെ പരാതി നൽകിയവരെ സംഘാംഗങ്ങൾ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശ വാസികൾ പറയുന്നു.
കുടുക്കിൽ ഉമ്മരം സ്വദേശി അയ്യൂബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ലഹരി സംഘങ്ങള്‍ ക്യാമ്പ് ചെയ്തിരുന്നത്. ഇവിടെ വിദ്യാർഥികൾ ഉൾപ്പെടെ എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. പ്രദേശത്തെ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.