ഉപതെരഞ്ഞെടുപ്പ്​ ഫലങ്ങൾ സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നു: മുഖ്യമന്ത്രി

‘വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശം’

Update: 2024-11-23 14:27 GMT
Advertising

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിയത്.

പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി.

എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശം.

ഭരണ വിരുദ്ധ വികാരമെന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ല എന്നും വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ നേരത്തേയുള്ളതിൽ നിന്നും കൂടുകയാണുണ്ടായത്.

ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കുന്നതൊഴിച്ച് ബിജെപിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ല എന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ചത് ചൂണ്ടിക്കാട്ടി അവർ മുഴക്കിയ അവകാശവാദങ്ങൾ ജനങ്ങൾ തിരസ്കരിച്ചതിലൂടെ വ്യക്തമാകുന്നത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെയും വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെയും വിജയികളെ അഭിനന്ദിക്കുന്നു. എൽഡിഎഫിന് വോട്ടുചെയ്ത മുഴുവൻ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News