ലഹരിക്കടത്തിന്‍റെ റാണിയായി കൊച്ചിയുടെ തീരം

സംഭവശേഷം കൊച്ചി തീരത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്

Update: 2022-11-05 01:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: അറബിക്കടലിന്‍റെ റാണിയായ കൊച്ചിയുടെ തീരം ലഹരിക്കടത്തിന്‍റെ റാണിയായി മാറുകയാണ്. ഒരു മാസം മുന്‍പാണ് അഫ്ഗാനില്‍ നിന്ന് ബോട്ടില്‍ കൊണ്ടുവന്ന 200 കിലോ ഹെറോയിന്‍ പിടിച്ചെടുത്തത്. സംഭവശേഷം കൊച്ചി തീരത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

പാകിസ്താന്‍റെയും ഇറാന്‍റെയും അതിര്‍ത്തിയിലുള്ള മക്രാന്‍ തീരത്ത് നിന്നാണ് കടല്‍മാര്‍ഗമുള്ള ലഹരി കടത്ത് ആരംഭിക്കുന്നത്. അഫ്ഗാനില്‍ ഉത്പാദിപ്പിക്കുന്ന ലഹരി വിമാന മാര്‍ഗമോ റോഡ് മാര്‍ഗമോ രാജ്യാതിര്‍ത്തികള്‍ കടത്തുക എന്നത് ശ്രമകരമാണ്. അതാണ് ലഹരി മാഫിയയെ കടലിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. കടല്‍ മാര്‍ഗം ലഹരി കടത്താന്‍ മത്സ്യബന്ധന ബോട്ടുകളെ ആശ്രയിക്കും. പരിശോധനയോ പിടിക്കപ്പെടുമെന്ന സൂചനയോ സാറ്റലൈറ്റ് ഫോണുകള്‍ വഴി ലഭിച്ചാല്‍ ഉടന്‍ അടുത്തുള്ള മറ്റേതെങ്കിലും ബോട്ടുകളിലേക്ക് ലഹരി മാറ്റും. ഇതിന് കാരിയര്‍മാരായി പോകുന്ന ബോട്ടിലുള്ളവര്‍ക്ക് പണവും കൈമാറും.

ഉള്‍ക്കടലില്‍ ആണ് ഇത്തരം ഇടപാടുകളെല്ലാം നടക്കുന്നത്. ഇങ്ങനെ പല ബോട്ടുകളിലൂടെ കൈമാറി ലഹരി ലക്ഷ്യ സ്ഥാനത്തെത്തിക്കും. ഏതെല്ലാം സ്ഥലത്തേക്കുള്ള ലഹരികളാണ് കൊച്ചി തീരം വഴി കടന്നു പോകുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇറാൻ ബോട്ടിൽ നിന്ന് കഴിഞ്ഞ മാസം 200 കിലോ ലഹരി പിടിച്ചതുമായി ബന്ധപ്പെട്ട് 6 ഇറാൻ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന മൊഴിയും ലഭിച്ചു. കൊച്ചി തീരത്ത് കൂടി പോകുന്ന എല്ലാ ബോട്ടുകളും കപ്പലുകളും പരിശോധിക്കുന്നതിന് നേവിക്കും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്കും പരിമിതികള്‍ ഉണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധത്തെ ബാധിക്കുമെന്നതിനാല്‍ കൃത്യമായ തെളിവുകളില്ലാതെ പരിശോധന സാധ്യമല്ല. എങ്കിലും നിരീക്ഷണം ശക്തമാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News