വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പെണ്‍സുഹൃത്തിനെ വിട്ടുകിട്ടാന്‍ ഹരജി; യുവാവിന് കാല്‍ ലക്ഷം രൂപ പിഴ വിധിച്ച് കോടതി
തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീറിനാണ് പിഴ ചുമത്തിയത്
കൊച്ചി: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെൺസുഹൃത്തിനെ വിട്ടുകിട്ടാന്‍ ഹേബിയസ് കോർപസ് ഹരജി നല്‍കിയ യുവാവിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. 25,000 രൂപ ഹൈക്കോടതി യുവാവിന് പിഴ വിധിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീറിനാണ് പിഴ ചുമത്തിയത്.
വിവാഹിതനാണെന്നും ഭാര്യ വിവാഹമോചനത്തിന് കേസ്‍ കൊടുത്തിരിക്കുകയാണെന്നും അടക്കമുള്ള കാര്യങ്ങളാണ് ഷമീർ കോടതിക്ക് മുന്നില്‍ മറച്ചുവെച്ചത്. ഇക്കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് ഹേബിയസ് കോർപ്പസ് ഫയല്‍ ചെയ്തത് ഗുരുതര വീഴ്‌ചയാണെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഷമീർ ഒരാഴ്ചക്കകം തുക അടച്ചില്ലെങ്കിൽ ഹരജി തള്ളുമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജി ഓക്ടോബർ 7ന് പരിഗണിക്കാൻ മാറ്റി.
നെയ്യാറ്റിൻകര സ്വദേശിയായ പെൺസുഹൃത്തിനെ പിതാവും സഹോദരനും ചേർന്ന് തടവിലാക്കിയെന്നും ഇവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടാണ് ഷമീർ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതാണെന്നും തിരുവനന്തപുരം കുടുംബ കോടതിയിൽ അവർ വിവാഹമോചനത്തിന് കേസ് നൽകിയിരിക്കുകയാണെന്നും കോടതി നടപടി തുടങ്ങിയ ശേഷമാണ് ഹരജിക്കാരന്‍ വെളിപ്പെടുത്തിയത്.
വിവാഹ മോചനത്തിന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും ഉടന്‍ വിവാഹമോചനം അനുവദിച്ചുകിട്ടുമെന്നും ഷമീർ കോടതിയില്‍ പറഞ്ഞു. പിന്നാലെ പെൺസുഹൃത്തിനെയും കോടതി വിസ്തരിച്ചു. ഷമീറിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നും കുടുംബം തന്നെ തടവിലാക്കിയെന്നും പെൺസുഹൃത്തും വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയെ അറിയിച്ചു. തുടർന്ന് വിവാഹിതനാണെന്ന കാര്യം മറച്ചത് എന്തിനെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ഷമീറിനോട് കോടതി നിർദേശിച്ചു.