'ആരിഫ് മുഹമ്മദ് ഖാൻ നടന്ന വഴിയിൽ ഇപ്പോഴത്തെ ഗവർണർ സഞ്ചരിക്കരുത്'; ബിനോയ് വിശ്വം
മന്ത്രി ശിവൻകുട്ടിയുമായി ഒരു തർക്കവുമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു


തിരുവനന്തപുരം: മുൻ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടന്ന വഴിയിൽ ഇപ്പോഴത്തെ ഗവർണർ സഞ്ചരിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷമായിരുന്നു ആരിഫിൻ്റെ വഴിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.
എന്താണ് ഗവർണറുടെ അധികാരമെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. ഗവർണർ നിയമസഭക്ക് മുകളിലല്ല. അതിന് മുകളിൽ പോകാനാണ് ആരിഫ് മുഹമ്മദ് ഖാൻ നോക്കിയത്. കേരള ഗവർണർ ആ വഴി പോകില്ലെന്ന് വിശ്വസിക്കുന്നു. ആർഎസ്എസ് കണ്ണട മാറ്റി വച്ചാൽ ഗവർണർക്ക് കാര്യങ്ങൾ മനസിലാകുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
മന്ത്രി ശിവൻകുട്ടിയുമായി ഒരു തർക്കവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മാസപ്പടി കേസിലെ പിന്തുണയുമായി ബന്ധപ്പെട്ട് താനും ശിവൻകുട്ടിയും പറഞ്ഞത് ഒരേ കാര്യം തന്നെയാണെന്നും മുഖ്യമന്ത്രിയെ രാഷ്ട്രീയപരമായി ആക്രമിക്കാൻ ആര് വന്നാലും അതിനെ നേരിടുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.