സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഇനി ഒറ്റ ക്ലിക്കില്‍; ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് ഇന്ന് തുടക്കം

'എന്‍റെ ഭൂമി' എന്ന പേരിലാണ് ഡിജിറ്റല്‍ സര്‍വേ തുടങ്ങിയത്

Update: 2022-11-01 02:30 GMT
Editor : ijas
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് ഇന്ന് തുടക്കമാകും. നാല് വര്‍ഷം കൊണ്ട് മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 'എന്‍റെ ഭൂമി' എന്ന പേരിലാണ് ഡിജിറ്റല്‍ സര്‍വേ തുടങ്ങിയത്. സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

കേരളത്തിന്‍റെ മുഴുവന്‍ ഭൂമിയും ഡിജിറ്റല്‍ റീസര്‍വേയിലൂടെ അളന്ന് തിട്ടപ്പെടുത്തും. നവകരേള നിര്‍മിതിയില്‍ ഇതൊരു ഡിജിറ്റല്‍ വിപ്ലവം ആയിരിക്കുമെന്ന് റവന്യു വകുപ്പ് പറയുന്നു. നാല് വര്‍ഷം കൊണ്ട് കൈവശത്തിന്‍റെയും ഉടമസ്ഥതയുടേയും അടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കി ഒരു സമഗ്ര ഭൂരേഖ തയ്യാറാക്കും. 1550 വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. ഇത് കൂടാതെ പത്ത് ശതമാനം വരുന്ന തുറസായ പ്രദേശങ്ങളില്‍ ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കും.

സര്‍വേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമമായ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്‍പ് ഇതിന്‍റെ കരട് ഭൂവുടമക്ക് കാണാനും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാനും അവസരം ലഭിക്കും. ഡിജിറ്റല്‍ സര്‍വെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. പൊതുജനങ്ങളെ ഡിജിറ്റല്‍ റീസര്‍വേ നടപടികളെ കുറിച്ച് ബോധ്യപ്പെടുത്തിയശേഷം അവരെയും ഉള്‍പ്പെടുത്തിയാകും പദ്ധതി പൂര്‍ത്തിയാക്കുക.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News