പാർട്ടിഗ്രാമത്തിൽ കൊലക്കേസ് പ്രതി ഒളിവിൽ താമസിച്ച സംഭവം; ആർഎസ്എസ്-സിപിഎം ഒത്തുകളി അന്വേഷിക്കണം: വി.ടി ബൽറാം

സിപിഎം പ്രവർത്തകനായിരുന്ന പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസാണ് പിണറായിയിലെ പാർട്ടിഗ്രാമത്തിൽ ഒളിവിൽ താമസിച്ചത്.

Update: 2022-04-23 10:55 GMT
Advertising

കണ്ണൂർ: സിപിഎം പാർട്ടിഗ്രാമമായ പിണറായി പാണ്ട്യാലമുക്കിൽ ആർഎസ്എസ് പ്രവർത്തകനായ കൊലക്കേസ് പ്രതി ഒളിവിൽ താമസിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. തങ്ങളറിയാതെ ഒരീച്ച പോലും പറക്കില്ലെന്ന് സിപിഎം നേതാക്കൾ വീമ്പ് പറയുന്ന പാർട്ടിഗ്രാമത്തിലാണ് ഇത്തരമൊരു സംഭവം നടന്നത്.

മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്താണ് പ്രതി താമസിച്ച വീട്. മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരമായതിനാൽ 24 മണിക്കൂറും പൊലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് ആർഎസ്എസുകാരനായ പ്രതി ഒളിവിൽ താമസിച്ചതിന് പിന്നിൽ സിപിഎം-ആർഎസ്എസ് നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കണമെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സിപിഎം പ്രവർത്തകനായിരുന്ന പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസാണ് പിണറായിയിലെ പാർട്ടിഗ്രാമത്തിൽ ഒളിവിൽ താമസിച്ചത്. വീട്ടുടമസ്ഥനായ പ്രശാന്തും ഭാര്യ രേഷ്മയുമാണ് നിജിലിന് താമസിക്കാൻ സ്ഥലം നൽകിയത്. രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രശാന്ത് വിദേശത്താണ്. അതേസമയം നിജിൽ ദാസിനും കുടുംബത്തിനും പാർട്ടി ബന്ധമില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വിശദീകരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല" എന്ന് സിപിഎമ്മുകാർ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കൽ പാർട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്. അവിടെയാണ് ആ പാർട്ടിയുടെ പരമോന്നത നേതാവ് കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന്റെ വെറും 200 മീറ്റർ മാത്രം അകലെ ഒരു സിപിഎമ്മുകാരനെ കൊന്ന കേസിലെ ആർഎസ്എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞത്! പിണറായി വിജയന്റെ ഈ വീട് നോക്കിക്കാണാൻ പുറത്തുനിന്ന് രണ്ട് പാർട്ടി സഖാക്കൾ വന്നുവെന്നതിന്റെ പേരിലാണ് ഒരുകാലത്ത് സിപിഎമ്മിൽ വലിയ വിഭാഗീയതയുണ്ടായതും അത് വളർന്ന് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെ എത്തിയതും എന്ന് കേരളത്തിന്റെ ഓർമ്മയിലുണ്ട്.

മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയിൽ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആർഎസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കിൽ അതിനയാൾക്ക് ധൈര്യം പകർന്നതാരാണ്?

ഒന്നുകിൽ ഇരുവശത്തേയും ഉന്നത നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള സിപിഎം- ആർഎസ്എസ് ബന്ധം, അല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ സിപിഎം ഗ്രൂപ്പ് വഴക്ക്.

ആ നിലയിലേക്ക് കൂടി അന്വേഷണം വ്യാപിക്കണം.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News